കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള ഏപ്രിൽ ഒന്നിലെ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരളാ പ്രൈവറ്റ് കോളേജ് മാനേജ്‌മെന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ.കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഡോ.എം.ഉസ്മാൻ എന്നിവർ ആവശ്യപ്പെട്ടു. ഉത്തരവിലൂടെ എണ്ണൂറോളം പി.ജി കോഴ്‌സുകളിലായി എയ്ഡഡ് കോളേജുകളിൽ മാത്രം രണ്ടായിരത്തോളം അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടും. സർക്കാർ കോളേജുകളിലും സർവ്വകലാശാലാ പഠന വകുപ്പുകളിലും നഷ്ടപ്പെടുന്ന തസ്തികകൾ ഇതിന് പുറമെയാണ്. യു.ജി.സി റഗുലേഷന്റെ പേരിൽ ഇറക്കിയ ഉത്തരവിന് ന്യായീകരണമില്ല. സംസ്ഥാനത്തെ കോളേജ് അദ്ധ്യാപകരുടെ ജോലിഭാരം നിർണ്ണയിക്കുന്നതിന് കേരളാ ഹയർ എഡ്യുക്കേഷൻ കൗൺസിലിന്റെ ശുപാർശയനുസരിച്ച് സർക്കാർ സമഗ്രമായ ഉത്തരവിറക്കിയതാണ്. യാതൊരു ചർച്ചകളും ഇല്ലാതെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി ഇടപെടണം. അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അസോസിയേഷൻ
വ്യക്തമാക്കി.