1

കോഴിക്കോട്: കൊവിഡ് - 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രാനിരോധനം വന്നതോടെ റദ്ദായ ഫ്ലൈറ്റ് ടിക്കറ്റുകളുടെ നിരക്ക് യാത്രക്കാർക്ക് പൂർണമായും തിരികെ നൽകാൻ നിർദ്ദേശം നൽകണമെന്ന് എം.കെ രാഘവൻ എം.പി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഖത്തർ എയർവെയ്‌സ് മാത്രമാണ് നിരക്ക് തിരികെ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. മറ്റു കമ്പനികൾ, മറ്റൊരു യാത്രയ്ക്ക് അവസരം നൽകാമെന്നും അതല്ലെങ്കിൽ മറ്റേതെങ്കിലും യാത്രക്കാരന് ഈ ടിക്കറ്റ് ചാർജ്ജ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്നുമൊക്കെയാണ് വാഗ്ദാനം ചെയ്യുന്നത്. പൊതുവെ യാത്രക്കാർക്ക് ഇത് പ്രായോഗികമല്ല.

സ്ഥിതിഗതികൾ മാറുന്ന സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ ഒരു പക്ഷേ നിരക്ക് ഇരട്ടിയായേക്കാം. അങ്ങനെയെങ്കിൽ ബാക്കി തുക കൂടി ഉപഭോക്താവ് നൽകേണ്ടി വരും . വിദേശത്തെത്തേണ്ട ജോലിക്കാർ, വിദ്യാർത്ഥികൾ, ബിസിനസ്സുകാർ തുടങ്ങിയവരെയാണ് ഇത് ബാധിച്ചിരിക്കുന്നത്. വായ്പയെടുത്ത് ടിക്കറ്റ് വാങ്ങിയവർക്ക് കനത്ത തിരിച്ചടിയാണുണ്ടായതെന്നും എം.പി കൂട്ടിച്ചേർത്തു.