kodiyathur

ചെറുവാടി: കൊവിഡ് 19 പ്രതിരോധ കാലത്തും ചെറുവാടി പുഞ്ചപ്പാടത്ത് കൊയ്‌ത്തും മെതിയും തകൃതിയായി മുന്നേറുന്നു. ആദ്യമായി നെൽകൃഷി ചെയ്തവർ അത് കൊയ്യാൻ തുടങ്ങിയപ്പോഴാണ് കോവിഡ് ഭീഷണിയെത്തിയത്. ഇവിടെ 150 ഏക്കറിലാണ് നെൽക്കൃഷിയുള്ളത്. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും സർക്കാർ ജീവനക്കാരുമുൾപ്പെടെ ഇവിടെ കൃഷിയിറക്കിയിട്ടുണ്ട്. നെല്ലിക്കാപറമ്പ് അഗ്രിക്കൾച്ചറൽ സൊസൈറ്റി, കൊടിയത്തൂർ സഹകരണ ബാങ്ക്, ഡി.വൈ.എഫ്.ഐ തുടങ്ങിയവരും സജീവമായി രംഗത്തുണ്ട്.
വിളവെടുപ്പ് ആശങ്കയിലായതോടെ പാടശേഖര സമിതിയുടെ അഭ്യർത്ഥന പ്രകാരം ജില്ലാ കളക്ടറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഷയം അവതരിപ്പിച്ചിരുന്നു. തുടർന്ന് തൊഴിലാളികളെ വിളിച്ച് നെല്ല് കൊയ്യാൻ അനുമതി ലഭിച്ചു. ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ വിളവെടുപ്പ് തുടങ്ങി. മൂന്ന് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് കൊയ്‌ത്ത് നടത്തുന്നത്. സഹകരണ ബാങ്കിന്റെ ആഗ്രോ സെന്ററും പാടശേഖര സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.