സുഗമമായി റേഷൻ വിതരണം
ആദ്യ ദിനം ജില്ലയിൽ സൗജന്യ റേഷൻ ലഭിച്ചത് 47,715 കുടുംബങ്ങൾക്ക്
954 മെട്രിക് ടൺ അരിയും 129 മെട്രിക് ടൺ ഗോതമ്പും വിതരണം ചെയ്തു
കൽപ്പറ്റ: കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ബുധനാഴ്ച 47,715 കുടുംബങ്ങൾക്ക് ലഭിച്ചു. 954 മെട്രിക് ടൺ അരിയും 129 മെട്രിക് ടൺ ഗോതമ്പുമാണ് ജില്ലയിലെ 312 റേഷൻ കടകളിലൂടെ നൽകിയത്. റേഷൻ വിതരണത്തിനായി ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെ ഫലമായി തിക്കും തിരക്കുമില്ലാതെ, സുരക്ഷാ മുൻകരുതലുകൾ പാലിച്ചായിരുന്നു റേഷൻ വിതരണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു.
പലയിടത്തും അരി വാങ്ങാൻ വന്നവർക്ക് കുടിവെള്ളവും അത്യാവശ്യമുള്ളവർക്ക് ഇരിപ്പിടവും ഒരുക്കിയിരുന്നു. ചുരുക്കം ചില കേന്ദ്രങ്ങളിൽ മാത്രമാണ് തിരക്കനുഭവപ്പെട്ടത്. കടകളിൽ വന്ന് വാങ്ങാൻ കഴിയാത്തവർക്ക് സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിച്ചു കൊടുക്കും. ഈ മാസം 20 വരെ റേഷൻ വിതരണം തുടരും. ചില സ്ഥലങ്ങളിൽ അരിയുടെ അളവിൽ കുറവ് വന്നതായി പരാതി ഉയർന്നിരുന്നു. ഇവയെല്ലാം പരിഹരിച്ചിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സുരക്ഷാ മുൻകരുതലിനായി പൊലീസ്, സി.ഡി.എസ് ചെയർ പേഴ്സൺമാർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെയും സഹകരണം ഉണ്ട്.
നിരീക്ഷണത്തിൽ 10753 പേർ
കൽപ്പറ്റ: ജില്ലയിൽ 776 പേർ കൂടി കൊവിഡ് നിരീക്ഷണത്തിലായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10753 ആണ്. 8 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 7 സാമ്പിളുകൾ പുതുതായി പരിശോധനയ്ക്കയച്ചു. ഇതുവരെ 127 സാമ്പിളുകൾ അയച്ചതിൽ 107 എണ്ണം നെഗറ്റീവാണ്. 17 പേരുടെ ഫലം ലഭിക്കാനുണ്ട്. 3 കേസുകളാണ് ജില്ലയിൽ പോസിറ്റീവായിട്ടുളളത്. പതിനാല് ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവർ 2479 ആണ്. ജില്ലയിൽ 29 സാമൂഹ്യ അടുക്കളകൾ പ്രവർത്തിക്കുന്നതായും കളക്ടർ അറിയിച്ചു.
രോഗികൾക്കായി ടെലി മെഡിസിൻ യൂണിറ്റ്
കൽപ്പറ്റ: കോവിഡ് പശ്ചാത്തലത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്ന് തുടർചികിത്സ ലഭിക്കാൻ സാധിക്കാത്ത രോഗികൾക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം സൗഖ്യം ടെലി മെഡിസിൻ സംവിധാനം ഒരുക്കി. രോഗികൾക്ക് ആശുപത്രികളിൽ പോകാതെ ഡോക്ടറുടെ സേവനം വീഡിയോ കോൾ വഴിയോ, ഫോൺ കോൾ വഴിയോ ലഭ്യമാക്കും. ആർ.സി.സി, ശ്രീചിത്ര, കോഴിക്കോട് മെഡിക്കൽ കോളേജ്, മറ്റ് മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രികൾ തുടങ്ങി ജില്ലയ്ക്ക് പുറത്ത് നിന്ന് തുടർചികിത്സ നടത്തുന്ന രോഗികൾക്കാണ് ഈ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്. ജില്ലയിൽ മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് ടെലി മെഡിസിൻ യൂണിറ്റുകളുളളത്. പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധ്യമല്ല. ക്വാറന്റയിൻ ഇല്ലാത്ത രോഗികൾക്ക് മാത്രമാണ് സേവനം ലഭിക്കുക. തിരുവനന്തപുരത്തെ എസ്.സി.റ്റി ആശുപത്രിയുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി ടെലിമെഡിസിൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. എല്ലാവിധ ആധുനിക സംവിധാനങ്ങളുളള രണ്ട് വാനുകളും വിദഗ്ദ പരിശീലനം ലഭിച്ച ഡോക്ടർമാരടങ്ങുന്ന സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, മാനന്തവാടി ഗവ.സ്‌കൂൾ പരിസരത്തുമാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ടെലിമെഡിസിൻ സൗകര്യം ആവശ്യമുള്ളവർക്ക് 04936 203400 എന്ന കാൾസെന്റർ നമ്പറിൽ ബന്ധപ്പെടാം. നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്ത ശേഷം കാണിക്കാനാഗ്രഹിക്കുന്ന ഡോക്ടറുടേയോ അല്ലെങ്കിൽ അതേ ഡിഗ്രിയുള്ള മറ്റ് ഡോക്ടർമാരുടേയോ സമയം ലഭ്യമാക്കിയ ശേഷം തിരിച്ചു വിളിച്ച്, സ്ഥലവും സമയവും അറിയിക്കും. നേരിട്ട് ചികിത്സ കേന്ദ്രത്തിലേക്ക് രോഗികൾ എത്തരുത്. നോഡൽ ഓഫീസർ ഡോ.കെ.കെ മുഹമ്മദ് അസ്ലത്തിന്റെ നേതൃത്വത്തിലാണ് ടെലി മെഡിസിൻ യൂണിറ്റ് പ്രവർത്തിക്കുന്നത്.
ബാങ്ക് സന്ദർശനം അത്യവശ്യത്തിന് മാത്രം
കൽപ്പറ്റ: കൊവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കൽ ബാങ്കുകളിലെത്തുന്നത് അത്യാവശ്യകാര്യത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. പ്രായമായവർ കഴിവതും ബാങ്കിൽ വരുന്നത് ഒഴിവാക്കണം. രോഗലക്ഷണമുളളവരും നിരീക്ഷണത്തിലുളളവരും ബാങ്കുകളിൽ വരരുത്. തിരക്ക് പ്രമാണിച്ച് ഏപ്രിൽ നാലു വരെ ബാങ്കിന്റെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാക്കിയതായി അദ്ദേഹം അറിയിച്ചു. ക്ഷേമ പെൻഷനുകളും കോവിഡ് 19 ന്റെ ഭാഗമായുള്ള ധനസഹായങ്ങളും അർഹരായവരുടെ അക്കൗണ്ടിൽ നേരിട്ട് വരും. അക്കൗണ്ടിൽ നിന്നു പണം ആവശ്യമുള്ളതിനനുസരിച്ച് മാത്രം പിൻവലിച്ചാൽ മതി. ഇത്തരത്തിൽ ലഭിക്കുന്ന തുക വായ്പകളുടെ തിരിച്ചടവിലേക്ക് വകമാറ്റുകയില്ല. ഭാവിയിലെ ഗഡുക്കൾ കിട്ടുന്നതിനും തടസ്സമുണ്ടാകില്ല.
അക്കൗണ്ടിലെ ബാലൻസ് തുകയറിയാൻ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം. പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എ.ടി.എം/സി.ഡി.എം സേവനങ്ങൾ ഉപയോഗിക്കാം. ചെക്കുകൾ ഡ്രോപ്പ് ബോക്സിൽ നിക്ഷേപിച്ചാൽ മതി. ബാങ്കിൽ വരുന്നവർ സാമൂഹിക അകലം പാലിക്കുകയും പ്രതിരോധ സംവിധാനങ്ങളോട് സഹകരിക്കണമെന്നും ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.
കാർഷികോൽപ്പന്നങ്ങൾ
സംഭരിക്കും
കൽപ്പറ്റ: ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികോൽപ്പന്നങ്ങൾ സഹകരണ സ്ഥാപനങ്ങൾ വഴി സംഭരിച്ച് ഹോർട്ടികോർപ്പിന് നൽകും. സംഭരിക്കുന്ന പച്ചക്കറികൾക്ക് ഹോർട്ടികോർപ്പ് ഒരു രൂപ നിരക്കിൽ സർവ്വീസ് ചാർജ് നൽകുമെന്ന് ഹോർട്ടികോർപ്പ് എം.ഡി അറിയിച്ചു. സഹകരണ സ്ഥാപനങ്ങൾ ഹോർട്ടികോർപ്പിന്റെ ജില്ലാ സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം. സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കൃഷി വകുപ്പ് കാർഷികോൽപ്പന്നങ്ങൾക്ക് ഏപ്രിൽ 5 വരെ നിശ്ചയിച്ചിരിക്കുന്ന വില (കിലോ) ഇങ്ങനെയാണ്. ഇനം,സംഭരണ വില, വിൽപ്പന വില യഥാക്രമം,
വലിയ ഉള്ളി 40, 40 രൂപ, ചെറിയ ഉളളി 90,100, വെളുത്തുള്ളി 160,170, പയർ 25,35, ബീൻസ് 56,62, മത്തങ്ങ 11, 20, തക്കാളി 30,30, കുമ്പളങ്ങ 12, 20, വഴുതനങ്ങ 15,22, പടവലം 25,30, മുരിങ്ങക്കായ് 55,60, ബിറ്റ് റൂട്ട് 35,40, വെണ്ടയ്ക്ക 30,35, കോവക്ക 30,35, പാവക്ക 23,30, പച്ചമുളക് 30,40, കാബേജ് 20,24, വെളളരി 16,22, ഉരുളകിഴങ്ങ് 32,38, കാരറ്റ് 60 ,70 , ഇഞ്ചി 53, 60, ചേന 16,22 ,കാച്ചിൽ 33,40 , ഇടിച്ചക്ക 5,8, കപ്പ 16,22, ചേമ്പ് (1) 40,50, ചേമ്പ് (2) 28,35, കോളിഫളവർ 30,40, നാരങ്ങ (വലുത്) 70,80, ചെറുനാരങ്ങ 60,70 , നേന്ത്ര 19,35, ചക്ക 10 ,15, മാങ്ങ 30,35.
ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്ക് ബന്ധപ്പെടാം
കൽപ്പറ്റ: ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന വയനാട് ജില്ലയിൽ നിന്നുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കളക്ട്രറ്റിലെ കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ 04936 204151 ആണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും രോഗ വ്യാപനം തടയുന്നതിനുമായി അതിർത്തികളിൽ വളരെ കർശനമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാടിന്റെ സുരക്ഷയ്ക്കായാണ് ഇങ്ങനെ ചെയ്യുന്നത്.
അവശ്യ സാധനങ്ങൾക്ക്
ക്ഷാമമില്ല: മന്ത്രി
കൽപ്പറ്റ: സംസ്ഥാനത്ത് ആവശ്യ സാധനങ്ങളുടെ വിതരണത്തിന് ലഭ്യതക്കുറവില്ലെന്ന് വയനാട് ജില്ലയുടെ ചുമതല വഹിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. 2100 ട്രക്കുകളിൽ അവശ്യവസ്തുക്കൾ ഇന്നലെ ജില്ലയിൽ എത്തിയിട്ടുണ്ട്. ചരക്ക് ഗതാഗതം സംസ്ഥാന തലത്തിലുള്ള ഇടപെടലിലൂടെ സുഗമമായിട്ടുണ്ട്.ഈ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം നേരിടുമെന്ന അഭ്യൂഹത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
പട്ടികവർഗ ഉപകുടുംബങ്ങൾക്ക് പ്രത്യേക കാർഡ്
കൽപ്പറ്റ: പട്ടിക വർഗ കോളനികളിൽ ഒരേ വീട്ടിൽ കഴിയുന്ന ഉപ കുടുംബങ്ങൾക്ക് പ്രത്യേക കാർഡ് അനുവദിച്ച് സൗജന്യ റേഷൻ നൽകാൻ ജില്ലാതലത്തിൽ സംവിധാനം.ഇന്നലെ 65 കാർഡുകൾ ഇങ്ങനെ നൽകി.ഒരേ വീട്ടിൽ രണ്ടും മൂന്നും കുടുംബങ്ങൾ കഴിയുന്നുവെങ്കിലും ഒരു കുടുംബത്തിനു മാത്രമാണ് പലയിടത്തും കാർഡ് ലഭ്യമായിട്ടുള്ളു .ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
കുടിവെള്ളം ലഭ്യമാക്കും
കൽപ്പറ്റ: ജില്ലയിൽ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം നേരിടാൻ സാധ്യതയുള്ളതിനാൽ അത്തരം സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കാൻ സംവിധാനം ഒരുങ്ങി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.യൂ ദാസ് നോഡൽ ഓഫീസറാണ്. 9447397108 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഏറ്റെടുത്ത സ്വകാര്യ ആശുപത്രികളിലും
സൗജന്യ ചികിത്സ
കൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് 19 ആശുപത്രിയായി മാറ്റിയ സാഹചര്യത്തിൽ അവിടെ നിന്ന് ലഭ്യമായിരുന്ന എല്ലാ സൗജന്യ ചികിത്സാ സേവനങ്ങളും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലാ ഭരണകൂടം ഏറ്റെടുത്ത ആശുപത്രികളിൽ സർക്കാർ ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പേ വാർഡ് സൗകര്യങ്ങൾ ഒഴികെയുള്ള ചികിത്സാ സൗകര്യങ്ങളാണ് ലഭ്യമാവുക. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയിൽ ലഭ്യമായിരുന്ന സൗജന്യ മരുന്നുകൾ ജില്ലയിലും എത്തിച്ചു നൽകുന്നതിനും നടപടിയുണ്ടാകും.
ഡയാലിസിസ് ഷിഫ്റ്റുകളുടെ എണ്ണം കൂട്ടും
കൽപ്പറ്റ: അന്യജില്ലയിലെ പ്രധാന ആശുപത്രികളെ ആശ്രയിച്ച് ഡയാലിസിസ് നടത്തി വന്ന രോഗികൾക്ക് വേണ്ടി ജില്ലയിലെ ആശുപത്രികളിലുള്ള ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കാൻ കളക്ടറേറ്റിൽ എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ജില്ലയിൽ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം പരിമിതമാണ്.നിലവിലെ സാഹചര്യത്തിൽ എല്ലാ രോഗികൾക്കും ചികിത്സാ സഹായമെത്തിക്കാൻ ഇതുകൊണ്ട് സാധിക്കില്ല.എം.പി ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് മെഷിൻ വാങ്ങുന്നതിനും തീരുമാനിച്ചു.അത്യാവശ്യ മരുന്നുകൾ മറ്റ് ജില്ലകളിൽ നിന്ന് എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കാൻ പൊലീസിനും ആർ.ടി.ഒ യ്ക്കും നിർദേശം നൽകി.
കമ്മ്യൂണിറ്റി കിച്ചണുകളിൽ വളണ്ടിയർമാരുടെ എണ്ണം കുറയ്ക്കണമെന്ന് യോഗം നിർദേശിച്ചു.ജില്ലാ ഭരണകൂടം നൽകുന്ന പാസ്സ് ഇല്ലാത്തവരെ ഒഴിവാക്കുന്നതിന് പൊലിസിനെ ചുമതലപ്പെടുത്തി.
യോഗത്തിൽ എം.എൽ.എ മാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ , ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ എന്നിവർ പങ്കെടുത്തു.