waste

കോഴിക്കോട്: കൊവിഡ് ജാഗ്രതയിലും സുരക്ഷിത മാർഗത്തിലൂടെ മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും ഫലപ്രദമായ നടപടികളുമായി ഹരിതകേരളം മിഷൻ. കൊവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌കരണവും ഭാഗികമായി തടസപ്പെട്ട സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഹരിതകേരളം മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പരിശീലനം ലഭിച്ച ഹരിത കർമ്മ സേനാംഗങ്ങളാണ് മാലിന്യം ശേഖരിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവനുസരിച്ചാണ് കൊവിഡ് കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്നതുൾപ്പെടെയുള്ള മാലിന്യം കൈകാര്യം ചെയ്യുന്നത്.

ജൈവ-അജൈവ മാലിന്യങ്ങൾ 0.5 ശതമാനം ബ്ലീച്ചിംഗ് ലായനിയോ ഒരു ശതമാനം സോഡിയം ഹൈപ്പോ ക്ലോറൈറ്റോ ഉപയോഗിച്ച് അണുവിമുക്തമാക്കിയാണ് നിർമ്മാർജ്ജനം ചെയ്യുന്നത്. കമ്യൂണിറ്റി കിച്ചണുകളിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. ഒപ്പം അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ മാലിന്യം ഉറവിടത്തിൽ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഏകോപനവും ഹരിതകേരളം മിഷൻ നിർവഹിക്കുന്നുണ്ട്.

ഹരിതകേരളം മിഷന്റെ മാർഗനിർദ്ദേശങ്ങൾ

 ജൈവ മാലിന്യം അതതിടങ്ങളിൽ കുഴി കമ്പോസ്റ്റ് / ബയോകമ്പോസ്റ്റ് / തുമ്പൂർമുഴി കമ്പോസ്റ്റിംഗ് ഇവയിലേതെങ്കിലും മാതൃകയിൽ നിർമ്മാർജ്ജനം ചെയ്യാം.

 കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്ന് ഭക്ഷണ പദാർത്ഥങ്ങൾ വാഴയിലയിലോ അലൂമിനിയം ഫോയിലിലോ പാക്ക് ചെയ്ത് നൽകണം. നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇതിനായി ഉപയോഗിക്കരുത്.

 ലോക്ക്ഡൗണ്‍ തീരുന്ന മുറയ്‌ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യനീക്കം ഉറപ്പാക്കാനുള്ള പദ്ധതി നടപ്പാക്കും

 ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങൾക്കെതിരെയുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളും ഒപ്പം സംഘടിപ്പിക്കും. ഫോൺ : 0471 2449939, ഇമെയിൽ : haritham@kerala.gov.in.