കോഴിക്കോട്: ലോക്ക് ഡൗൺ കാലത്തെ ഭക്ഷ്യ പ്രതിസന്ധി മറികടക്കാൻ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ സ്വീകാര്യത ഏറുന്നു. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങൾക്കാണ് കിച്ചണുകളുടെ നടത്തിപ്പ് ചുമതല. ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകൾ, ഏഴ് മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവിടങ്ങളിലായി 91 കിച്ചണുകളുടെ പ്രവർത്തനം നടക്കുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ പി.സി.കവിത പറഞ്ഞു. 86 കിച്ചണുകൾ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
രണ്ടും മൂന്നും കിച്ചണുകൾ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ജില്ലയിലുണ്ട്. കോഴിക്കോട് കോർപ്പറേഷനിൽ ഏഴ് , വടകര മുനിസിപ്പാലിറ്റിയിൽ മൂന്ന്, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ രണ്ട്, ചങ്ങരോത്ത്, വില്യാപ്പള്ളി, താമരശ്ശേരി പഞ്ചായത്തുകളിൽ രണ്ട് കിച്ചണുകൾ വീതം പ്രവർത്തിക്കുന്നുണ്ട്.
കുടുംബശ്രീയുടെ 86 കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്ന് ജില്ലയിൽ ഇന്നലെ 20, 589 ഭക്ഷണ പൊതികളാണ് സൗജന്യമായി വിതരണം ചെയ്തത്. 20 രൂപയ്ക്ക് നൽകുന്ന ഊൺ 1381 പേർക്കും, 25 രൂപയ്ക്ക് 301 പേർക്കും ഊൺ നൽകി. കൊവിഡ്-19 രോഗ വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരും പട്ടിണി കിടക്കാൻ ഇടയാവരുത് എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായാണ് കമ്മ്യൂണിറ്റി കിച്ചണുകൾ ഒരുക്കിയത്.