കോഴിക്കോട്: പുതുതായി ഒരു പോസിറ്റീവ് കേസ് കൂടി കണ്ടെത്തിയതോടെ ജില്ലയിൽ കൊവിഡ് - 19 രോഗം ബാധിച്ച് കഴിയുന്നവരുടെ എണ്ണം വീണ്ടും ഒൻപതായി. കഴിഞ്ഞ ദിവസം രോഗികളിൽ ഒരാളെ സ്രവസാമ്പിൾ നെഗറ്റീവായി മാറിയതോടെ ഡിസ്ചാർജ്ജ് ചെയ്തിരുന്നു.
മാർച്ച് 18ന് ദുബായിൽ നിന്നെത്തിയ 25 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാത്രി എട്ടു മണിയോടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇദ്ദേഹം 9 മണിയോടെ കോഴിക്കോട്ടെ വീട്ടിലേക്ക് സ്വന്തം വാഹനത്തിൽ തിരിച്ചു. 11 മണിയോടെ വീട്ടിലെത്തി. കൃത്യമായി നിരീക്ഷണത്തിൽ കഴിയുന്നിനിടെ 31 ന് രോഗലക്ഷണങ്ങൾ കണ്ടതോടെ ആരോഗ്യ പ്രവർത്തകർ ഉച്ചയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാര്യത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചതുകൊണ്ടു തന്നെ ആശങ്ക വേണ്ടെന്ന് അധികൃതർ പറഞ്ഞു. പോസിറ്റീവ് കേസുകളിൽ ആറു പേരാണ് കോഴിക്കോട്ടുകാരായുള്ളത്. മറ്റു മൂന്നു പേർ കണ്ണൂർ, കാസർകോട് സ്വദേശികളും.
ജില്ലയിൽ ഇപ്പോൾ 21,934 പേർ നിരീക്ഷണത്തിലുണ്ടെന്ന് ഡി.എം.ഒ ഡോ.വി.ജയശ്രീ അറിയിച്ചു. പുതുതായി വന്ന 9 പേർ ഉൾപ്പെടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 28 പേർ കഴിയുന്നുണ്ട്. നാല് പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു. ജില്ലയിൽ 281 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 258 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. 249 എണ്ണം നെഗറ്റീവാണ്. ഇന്നലെ 13 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇനി 22 പേരുടെ പരിശോധനാ ഫലം ലഭിക്കാൻ ബാക്കിയുണ്ട്.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ ഇന്നലെ 16 പേർക്ക് കൗൺസലിംഗ് നൽകി. 34 പേർ മാനസിക സംഘർഷം ലഘൂകരിക്കുന്നതിന് ഫോണിലൂടെ സേവനം തേടി. സോഷ്യൽ മീഡിയ വഴിയുള്ള ബോധവൽക്കരണവും തുടരുന്നതായി ഡി.എം.ഒ അറിയിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കൺട്രോൾ സെല്ലുകളുടെ പ്രവർത്തനം വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസർ സൂം വീഡിയോ കോൺഫറൻസിംഗിലൂടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി എന്നിവരുമായി സംശയാസ്പദമായ കേസുകളെക്കുറിച്ച് ചർച്ച ചെയ്തു. ഡി.എം.ഒ യെ കൂടാതെ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.ആശാദേവി, ഡി.പി.എം ഡോ.എ.നവീൻ, ആർ.സി.എച്ച് ഓഫീസർ ടി.മോഹൻദാസ് എന്നിവർ ബീച്ച് ആശുപത്രി സന്ദർശിച്ച് അവിടത്തെ സേവനങ്ങൾ വിലയിരുത്തി.
--