സുൽത്താൻ ബത്തേരി: പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും കൊണ്ടുവരുന്നതിനായി കർണാടകയിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പാസ് കഴിഞ്ഞ ദിവസം മുതൽ വേണ്ടന്ന് വെച്ചു. ഇതോടെ പാസിന് വേണ്ടി കാത്ത് കിടക്കേണ്ട അവസ്ഥ ഒഴിവായി. നൂൽപ്പുഴ വില്ലേജ് ഓഫീസിന് മുന്നിലെ വാഹനങ്ങളുടെ നീണ്ടനിരയും ഇല്ലാതായി. കർണാടകയിൽ നിന്ന് ആവശ്യ സാധനങ്ങൾ കൊണ്ടുവരുന്നതിന് ഒരു ദിവസം 60 വാഹനങ്ങൾക്കാണ് പാസ് നൽകിയിരുന്നത്. പാസിന് വേണ്ടി മണിക്കൂറുകൾ കാത്ത്‌കിടക്കേണ്ട അവസ്ഥ ഉണ്ടായതോടെയാണ് അധികൃതർ പാസ് ഒഴിവാക്കിയത്.
പാസ് ഒഴിവാക്കിയെങ്കിലും പരിശോധനയും അണുനശീകരണവും നടത്തിയശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പച്ചക്കറികളുമായി വരുന്ന വാഹനങ്ങൾ കേരള അതിർത്തിയായ മുത്തങ്ങയിൽവെച്ച് ഫയർ ആൻഡ് റെസ്‌ക്യു ടീമിന്റെ അഞ്ചംഗ സംഘം അണുനശീകരണം നടത്തിയശേഷമാണ് കടത്തിവിടുന്നത്. ബുധനാഴ്ച കേരളത്തിലേക്ക് പച്ചക്കറികളും പലവ്യഞ്ജനങ്ങളുമായി 214 ചരക്ക് വാഹനങ്ങളാണ് കടന്ന് വന്നത്. ഇന്നലെ 200 വാഹനങ്ങൾ സാധനങ്ങളുമായി എത്തി.
മുത്തങ്ങ അതിർത്തിയിൽ ചരക്ക് നീക്കം സുഗമമായതോടെ ആവശ്യ സാധനങ്ങൾ ഇതുവഴി കേരളത്തിലേക്ക് എത്താൻ തുടങ്ങി.
രാത്രികാല ഗതാഗത നിരോധനം നിലനിൽക്കുന്നതിനാൽ രാത്രി ഒമ്പത് മണിവരെയാണ് ചരക്ക് വാഹനങ്ങൾക്ക് കടന്നു വരാൻ കഴിയുക. മലബാറിലേക്കുള്ള പച്ചക്കറികൾ പ്രധാനമായും കർണാടകയിൽ നിന്നാണ് കൊണ്ടുവരുന്നത്. കർണാടകയിലെ ഗുണ്ടൽപേട്ട,തൃക്കണാമ്പി, നഞ്ചൻകോഡ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പച്ചക്കറി കൊണ്ടുവരുന്നത്. അരിയും പച്ചക്കറിയും പയർ വർഗ്ഗങ്ങളും അതിർത്തി കടന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. മുത്തങ്ങ വഴി വരുന്ന എല്ലാ ചരക്ക് വാഹനങ്ങളും ബത്തേരി ഫയർ സ്റ്റേഷനിലെ സീനിയർ ഫയർമാനായ കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് അണു നശീകരണം നടത്തിവരുന്നത്.
ഫോട്ടോ
മുത്തങ്ങയിലെ അതിർത്തി ചെക്ക് പോസ്റ്റ് വഴി കടന്നുവരുന്ന ചരക്ക് വാഹനങ്ങൽ ഫയർ ആൻഡ് റെസ്‌ക്യു ടീം അണു നശീകരണം നടത്തുന്നു.