majeed


കോഴിക്കോട്: സാലറി ചലഞ്ചിന് മുമ്പ് സർക്കാർ ധൂർത്തും അധികബാദ്ധ്യതയും ഒഴിവാക്കുകയാണ് വേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ജീവനക്കാരുടെ അവസ്ഥ പരിഗണിക്കുന്ന തരത്തിൽ സാലറി ചലഞ്ച് യുക്തിസഹമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമായി ഹെലിക്കോപ്ടർ വാടകയ്ക്കെടുക്കുന്നതിന് പ്രതിമാസം ഒന്നര കോടി രൂപ മുടക്കുകയാണ്. നേരത്തെ മഹാപ്രളയത്തിന് പിറകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിയെന്ന് സർക്കാർ ആവർത്തിച്ചുകൊണ്ടിരുന്നതിനിടെയാണ് കാബിനറ്റ് റാങ്കിൽ മുൻ എം.പി സമ്പത്തിനെ ഡൽഹിയിൽ ഓഫീസും പരിവാരവുമായി പ്രതിനിധിയെന്ന നിലയിൽ നിയമിച്ചത്. ഭരണ പരിഷ്‌കാര കമ്മിഷനായി വി.എസ് അച്യുതാനന്ദനെ കാബിനറ്റ് റാങ്കിൽ ഒട്ടേറെ സ്റ്റാഫുമായി നിയമിച്ചിട്ട് വർഷം മൂന്ന് കഴിഞ്ഞു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയതിലുള്ള എതിർപ്പ് മറികടക്കാൻ വി.എസിന് ഉന്നത തസ്തിക സൃഷ്ടിച്ചവർ പ്രശ്‌നം പാർട്ടിയിൽ ചർച്ച ചെയ്ത് ഒത്തുതീർത്ത് സർക്കാരിന്റെ കോടികളുടെ ബാദ്ധ്യത ഇനിയെങ്കിലും ഒഴിവാക്കണം.
മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ബാലകൃഷ്ണ പിള്ളയ്ക്കും കാബിനറ്റ് റാങ്കും സ്റ്റാഫും അനുവദിച്ചതിലൂടെയും മുഖ്യമന്ത്രിയ്ക്കുള്ള ഉപദേശികളുടെ പടകൾക്കായും സംസ്ഥാന സർക്കാർ വർഷം തോറും ചെലവഴിക്കുന്നത് കോടികളാണ്. ഇത്തരം പാഴ്‌ചെലവുകൾ ഒഴിവാക്കിയേ പറ്റൂ.