കോഴിക്കോട്: ജില്ലയിൽ ഇന്നും നാളെയും ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. സാധാരണ താപനിലയെക്കാൾ 34 ഡിഗ്രി സെൽഷ്യസോ അതിലധികമോ ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചൂട് വർധിക്കുന്നതിനാൽ സൂര്യാതപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ വീടുകളിൽ കഴിയണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവർ പകൽ 11 മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വളർത്തു മൃഗങ്ങൾക്ക് തണലൊരുക്കാനും പക്ഷികൾക്ക് വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.