എലത്തൂർ: ലോക്ക് ഡൗണിന്റെ വിരസതയിൽ കുടുങ്ങിയ അയൽപക്കത്തെ കുട്ടികളെ ബോധവത്‌കരിക്കുന്നതിന് ഒഴിഞ്ഞ കുപ്പികളിൽ കൊറോണ വൈറസ് ജനിതകഘടനയുടെ രൂപങ്ങൾ തീർക്കുകയാണ് യുവ ചിത്രകാരി അതുല്യ വിവേക്. ഫാബ്രിക് പെയ്‌ന്റും പിസ്‌ത തോടുമുപയോഗിച്ചാണ് കെറോണ മോഡൽ നിർമ്മാണം.
ചെട്ടികുളം പറമ്പത്ത് ഷീബ ജയരാജിന്റെ മകളായ അതുല്യ ഒരു വർഷം മുമ്പാണ് വിവാഹിതയായത്. ആദ്യ കൺമണിക്ക് ജന്മം നൽകാനുള്ള വിശ്രമത്തിനിടയിൽ ആലോചന കൊറോണ കുപ്പിയിലേക്ക് തിരിയുകയായിരുന്നു. ഉണ്ടാക്കിയതെല്ലാം അടുത്ത വീട്ടിലെ കുട്ടികൾക്ക് കൊടുത്തു; ഒപ്പം കരുതലോടെ കഴിയണമെന്ന ഓർമ്മപ്പെടുത്തലും. മെക്കാനിക്കൽ എൻജിനിയറായ ഭർത്താവ് വിവേക് നിറഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്.