ചേളന്നൂർ: ലോക്ക് ഡൗണിൽ വിശന്നിരിക്കുന്നവർക്കായുള്ള ഭക്ഷണപ്പൊതിയുമായി ആശു ദിവസവും ചേളന്നൂരിൽ നിന്ന് സ്‌കൂട്ടറിൽ 17 കിലോമീറ്റർ സഞ്ചരിച്ച് കസബ സ്റ്റേഷനിലെത്തുകയാണ്. ഉച്ചയ്‌ക്ക് ഒന്നിന് മുമ്പ് തന്നെ ഭക്ഷണം സ്റ്റേഷനിലെത്തിക്കണമെന്നതിൽ ഇദ്ദേഹത്തിന് നിർബന്ധമുണ്ട്. ജനമൈത്രി പൊലീസ് മുഖേനയാണ് ഭക്ഷണ വിതരണം.
കഷ്ടപ്പാടുകൾക്കിടയിലും ദിവസവും ഏതാണ്ട് 40 പേരുടെ വിശപ്പടക്കുകയാണ് ഇലക്ട്രിക് ഓട്ടോമേഷൻ ജോലിക്കാരനായ പി.കെ. ആശുവും കുടുംബവും. ജനമൈത്രി ബീറ്റ് ഓഫീസർ ഉമേഷ് നന്മണ്ടയുടെ നേതൃത്വത്തിലാണ് ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നത്.
ഫറോക്ക് ചാലിയം സ്വദേശിയായ ആശു മൂന്ന് വർഷമായി ചേളന്നൂരിലാണ് താമസം. പതിനേഴാം വാർഡിൽ ശ്രീനാരായണ മന്ദിരത്തിന് സമീപത്തെ വാടകവീട്ടിലെ പരിമിതമായ സൗകര്യത്തിലാണ് പാചകവും. ആദ്യം 25 പേർക്കായിരുന്നു ഭക്ഷണം നൽകിയിരുന്നത്. പിന്നീടത് നാല്പതിലേക്കെത്തി.
ചോറിനൊപ്പം കറി, ഉപ്പേരി, ചമ്മന്തി എന്നിവയുണ്ടാവും. ഭാര്യ എൻ.എസ്. പുഷ്പ, മകൻ മക്കളായ ആദിനാഥ്, ആദിത്യൻ, ആശുവിന്റെ കൂട്ടുകാരൻ പ്രജീഷ് എടവന എന്നിവരും ഈ ശ്രമത്തിൽ പങ്കാളികളാവുന്നുണ്ട്.
തുച്ഛമായ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് നേരത്തെയും ഉത്തരം സേവന പ്രവർത്തനങ്ങൾ ആശു നടത്തിയിട്ടുണ്ട്. ഒഴിവുദിവസങ്ങളിൽ നഗരത്തിലേക്ക് പോകുമ്പോൾ ആശു ഭക്ഷണപ്പൊതികൾ കരുതുന്നു. വഴിയിൽ വിശന്നിരിക്കുന്ന ആരെയെങ്കിലും കണ്ടാൽ അത് കൊടുക്കും. ചെറുപ്പത്തിൽ അനുഭവിച്ച ദാരിദ്ര്യത്തിന്റെ ഓർമ്മ തന്നെയാണ് ഇതിന് പ്രേരണ. ഗായിക കൂടിയായ ഭാര്യയുടെ പിന്തുണയുമുണ്ട്.