1

കോഴിക്കോട്: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിലെ കർഷകരിൽ നിന്ന് വിളകൾ സംഭരിക്കാൻ സർക്കാരിന് കീഴിലുള്ളതും, സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. ന്യൂഡൽഹി ആസ്ഥാനമായുള്ള നാഷണൽ അഗ്രികൾച്ചറൽ കോ-ഓപറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ, കൊച്ചി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളെ നോഡൽ ഏജൻസികളായി പരിഗണിക്കണമെന്നും കേന്ദ്ര കൃഷിമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ വ്യക്തമാക്കി.

ലോക്ക് ഡൗണിന് മുമ്പെ വിളവെടുത്ത ഉൽപ്പന്നങ്ങൾ കർഷകരുടെ കൈയ്യിലിരുന്ന് നശിച്ചുപോകുന്ന അവസ്ഥയാണ്. റബർ, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, ജാതിക്ക, കൊക്കോ തുടങ്ങിയ വിളകളാണ് പ്രധാനമായും മലയോര കർഷകരുടെ ജീവിത മാർഗം. കട കമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകർ വൻ പ്രതിസന്ധിയിലാണെന്നും എം.പി പറഞ്ഞു.