rice-smuggling

കോഴിക്കോട്: ലോക്ക് ഡൗണിൻെറ മറവിലുള്ള കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കർക്കശമായി നേരിടുന്നതിന് മിന്നൽ റെയ്ഡുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. മലബാറിലെ അഞ്ചു ജില്ലകളിൽ കഴിഞ്ഞ നാലു ദിവസത്തിനിടെ പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തി. അമിതവില ഈടാക്കിയ വ്യാപാരികൾക്കെതിരെ കൈയോടെ നടപടി കൈക്കൊള്ളുന്നുണ്ട്.

വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന്റെ നേതൃത്വത്തിലുള്ള കൊവിഡ് സെല്ലിന്റെ പ്രത്യേക സ്‌ക്വാഡിനാണ് പരിശോധനാച്ചുമതല. പഴുതടച്ച് കരിഞ്ചന്തയും പൂഴ്ത്തിവവെപ്പും തടയുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ സപ്ളൈസ് - ലീഗൽ മെട്രോളജി - റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത രിശോധനയ്ക്കു പുറമെയുള്ള വിജിലൻസ് റെയ്ഡ്.

കൂടിയ വില കുടിവെള്ളത്തിന്

മുതൽ കോഴിയിറച്ചിയ്ക്ക് വരെ

കൊടുവള്ളിയിൽ ഒരു വ്യാപാരിയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 50 ചാക്ക് പലവ്യഞ്ജനങ്ങൾ സിവിൽ സപ്ലൈസ് അധികൃതരുടെ സഹായത്തോടെ വിജിലൻസ് അധികൃതർ പിടിച്ചെടുത്തിരുന്നു. ഇവിടങ്ങളിലെല്ലാം കുടിവെള്ളം, ചെറിയ ഉള്ളി, കോഴി ഇറച്ചി, ചിലയിനം ബ്രാൻഡ് അരികൾ, പഞ്ചസാര എന്നിവയ്ക്കാണ് അമിതവില ഈടാക്കിയതായി കണ്ടെത്തിയത്.

താമരശ്ശേരി, നരിക്കുനി, ആരാമ്പ്രം, കൊടുവള്ളി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വിലവർദ്ധന കണ്ടെത്തിയതെന്ന് വിജിലൻസ് അധികൃതർ വ്യക്തമാക്കി. വടക്കൻ ജില്ലകളിലെല്ലാം കുപ്പിവെള്ളത്തിന് 12 രൂപയിൽ കൂടുതൽ വില ഈടാക്കുന്നതായി വിജിലൻസ് കണ്ടെത്തി. കണ്ണൂരിൽ പലചരക്കുകടകളിലാണ് അമിതവില ഈടാക്കൽ കൂടുതലും.

സ്‌പെഷ്യൽ സെൽ എസ്.പി എസ്. ശശിധരൻ, റേഞ്ച് എസ്.പി പി.സി. സജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിനാണ് പരിശോധനാച്ചുമതല.

പരിശോധന

റേഷൻ കടകളിലും

വടകര താലൂക്കിൽ കഴിഞ്ഞ ദിവസം 25 റേഷൻ കടകളിൽ ലീഗൽ മെട്രോളജി വിഭാഗം മിന്നൽ പരിശോധന നടത്തിയിരുന്നു. സാനിറ്റൈസറിന് അമിത വില ഈടാക്കിയ മൂന്ന് കടകൾക്കെതിരെ നടപടിയെടുത്തു. ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഷീജ അടിയോടി, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് പി.കെ.ഭവീഷ്, ഇ.പി.ഷാജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.