covid

കോഴിക്കോട്: കൊവിഡ് 19ന്റെ പ്രതിരോധത്തിൽ തുടങ്ങിയ 'ബ്രേക്ക് ദി ചെയിൻ" പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച 'കുടുംബങ്ങളിലേക്ക് അങ്കണവാടി" ശക്തിപ്പെടുത്താൻ തീരുമാനം. രോഗവ്യാപനം തടയാൻ അങ്കണവാടി ജീവനക്കാർവീടുകളിൽ വിളിച്ച്‌ ബോധവത്കരിക്കുന്ന പ്രവർത്തനങ്ങളാണ് ശക്തമാക്കുന്നത്. സൂപ്പർവൈസർമാരും സി.ഡി.പി.ഒമാരും പ്രോഗ്രാം ഓഫിസർമാരും നിർദ്ദേശങ്ങൾ ഇവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇവർശേഖരിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട സൂപ്പർവൈസർമാർ പരിശോധിച്ച് ഉറപ്പാക്കണം.

 ഭക്ഷണം ഉറപ്പാക്കണം

മൂന്നു വയസിന് താഴെയുള്ള കുട്ടികൾ, പ്രീ-സ്‌കൂൾ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും, കൊവിഡ് 19 പ്രതിരോധിക്കാൻ വേണ്ട നർദ്ദേശങ്ങളും ഫോണിലൂടെ നൽകുന്നുണ്ട്. കുട്ടികളിലെ പോഷക നിലവാരവും ഭക്ഷണ ലഭ്യതയും ഉറപ്പാക്കണം. ആവശ്യമുള്ളപ്പോൾ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കണം. ഭക്ഷണം കുറവാണെങ്കിൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് ലഭ്യമാക്കണം.

 ശ്രദ്ധിക്കണം

1. പ്രദേശത്തെ പോഷകക്കുറവുള്ള കുട്ടികൾ.

2. അപകട സാദ്ധ്യതയിൽ കഴിയുന്ന കുട്ടികൾ.

3. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാർ.

4. സൂപ്പർവൈസർ, സി.ഡി.പി.ഒ എന്നിവർ എല്ലാം നിരീക്ഷിക്കണം.

5. വീട്ടിലെ മുതിർന്ന പൗരൻമാരെപ്പറ്റി പ്രത്യേക വിവരം ശേഖരിക്കണം.

6. മാർഗനിർദ്ദേശങ്ങൾ മുതിർന്ന പൗരൻമാരെ പറഞ്ഞ് മനസിലാക്കണം.

7. മുതിർന്ന പൗരന്മാരുടെ വിവരം ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തണം.

8. അവർക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെങ്കിൽ പഞ്ചായത്ത്, മെഡിക്കൽ ഓഫീസർമാരുമായി ബന്ധപ്പെട്ട് പരിഹരിക്കണം.

9. ആവശ്യമുള്ളവർക്ക് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ടെലി കൗൺസലിംഗ്‌ സേവനം ലഭ്യമാക്കണം.

10. പഞ്ചായത്തുകളിലെ പ്രതിരോധ പരിപാടികളിൽ ആരോഗ്യവകുപ്പ്, പഞ്ചായത്ത്, കുടുംബശ്രീ എന്നിവരുമായി സഹകരിക്കണം.