s

കൊയിലാണ്ടി: 'മാനവ സേവ മാധവ സേവ "എന്ന ആപ്തവാക്യവുമായി പത്ത് വർഷമായി കൊയിലാണ്ടിയിൽ സേവനരംഗത്തുള്ള സേവാഭാരതിയുടെ പ്രവർത്തനം ലോക്ക് ഡൗൺ കാലത്തും സജീവം. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കിറ്റ് വിതരണം, പൊലീസുകാർ, ഫയർഫോഴ്‌സ്, ആശുപത്രി ജീവനക്കാർ എന്നിവർക്ക് കുടിവെള്ളം വിതരണം, മരുന്നുകൾ വീടുകളിലെത്തിക്കൽ... സേവാഭാരതിയുടെ സേവനങ്ങൾ നീളുകയാണ്. സേവാ മെഡിക്കൽസിൽ മരുന്നുകൾക്ക് ഇപ്പോൾ 13 ശതമാനമാണ് കിഴിവ്. താലൂക്ക് ആശുപത്രിയിൽ വൈകീട്ട് നൽകിയിരുന്ന കഞ്ഞി വിതരണം ഇപ്പോഴും തുടരുന്നു. വീടുകളിലെത്തി കിടപ്പു രോഗികൾക്ക് നൽകുന്ന പാലിയേറ്റീവ് ചികിൽസയും പതിവുപോലെ നടക്കുന്നു. 300 ഓളം രോഗികൾ സേവാഭാരതിയുടെ 'പാലിയേറ്റീവ് ചികിൽസയിലുണ്ട്. 80 ശതമാനം കിഴിവുള്ള പ്രധാനമന്ത്രി ജൻ ഔഷധിയിൽ കൂടുതൽ മരുന്നുകൾ എത്തിക്കാനാണ് ശ്രമം. ബ്രേക്ക് ദ ചെയിന്റെ ഭാഗമായി നിരവധി കൈകഴുകൽ കേന്ദ്രങ്ങളാണ് സ്ഥാപിച്ചത്. മാനസിക സംഘർഷമനുഭവിക്കുന്നവർക്ക് പുനർജനി കൗൺസിലിംഗ് സെന്ററും സേവാഭാരതി നടത്തുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് റേഷൻ സാധനങ്ങൾ എത്തിക്കുന്ന പ്രവർത്തനവും ആരംഭിച്ചു. ഭക്ഷണം കിട്ടാതെ വലയുന്നവർക്ക് ഭക്ഷണവും മരുന്നും വീടുകളിലെത്തിക്കാൻ സേവാഭാരതിയുടെ സഹായം തേടാവുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9946223370, 9495084518.