കൽപ്പറ്റ: ലോക്ക്ഡൗൺ പാശ്ചാത്തലത്തിൽ വിപണി കണ്ടെത്താൻ പ്രയാസപ്പെട്ട കർഷകരിൽ നിന്ന് പച്ചക്കറി ശേഖരിക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ ശ്രമത്തിന് നല്ല പ്രതികരണം. ഇതുവരെ 7 ടൺ പച്ചക്കറി കർഷകരിൽ നിന്നും കൃഷിവകുപ്പ് മുഖേന ശേഖരിച്ചു. കുറഞ്ഞ അളവിലുളള പച്ചക്കറികൾ കമ്മ്യൂണിറ്റി കിച്ചണിലേക്കും ഇക്കോ ഷോപ്പുകളിലേക്കും നൽകി. ബാക്കിയുളളവ ഹോർട്ടികോർപ്പിന് ഞായറാഴ്ച്ച കൈമാറും.
പച്ചക്കറികളുടെ ശേഖരണത്തിന് കളക്‌ട്രേറ്റിലെ എമർജൻസി സെല്ലിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ കർഷകരുമായി ബന്ധപ്പെട്ടാണ് പച്ചക്കറികൾ സംഭരിക്കാനുളള നടപടികൾ സ്വീകരിച്ചത്. തൊട്ടടുത്ത കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമനുസരിച്ച് ഉത്പന്നങ്ങൾ എത്തിക്കാൻ കർഷകർക്ക് പാസും നൽകി. ഇരുപത്തിനാല് മണിക്കൂറിനകം പച്ചക്കറികളുടെ വില ഓൺലൈൻ വഴി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് സംഭരണം നടത്തിയത്.
പച്ചക്കറികളുടെ സംഭരണ വിവരങ്ങൾ ഇങ്ങനെ (കിലോയിൽ)
പയർ 14, പാവൽ 23, ഇഞ്ചി 100, തക്കാളി 25, നേന്ത്റക്കായ 33.70 ,ചീര 20, വഴുതന 30 ,ബീറ്റ്റൂട്ട് 10, റോബസ്റ്റ 40, കയ്പ്പക്ക 130, മുളക് 30,വെണ്ട 40, മത്തൻ 60.
ജില്ലയിൽ നാല് കേന്ദ്രങ്ങൾ
പച്ചക്കറികളുടെ സംഭരണത്തിനായി കൽപ്പറ്റ, അമ്മായിപ്പാലം, മാനന്തവാടി, പേര്യ എന്നിവിടങ്ങളിലായി നാല് കേന്ദ്രങ്ങൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കി. ഓരോ കേന്ദ്രത്തിലും വ്യത്യസ്ത ദിവസങ്ങളിലാണ് സംഭരണം നടക്കുക. ബത്തേരിയിൽ തിങ്കളാഴ്ച്ചയും കൽപ്പറ്റയിൽ വ്യാഴാഴ്ച്ചയും മാനന്തവാടി,പേര്യ എന്നിവടങ്ങളിൽ ഞായറാഴ്ച്ചയുമാണ് പച്ചക്കറി സംഭരണം. ഇവ പിന്നീട് ഹോർട്ടികോർപ്പിന് കൈമാറും.
ഓരോ സംഭരണകേന്ദ്രത്തിനും കീഴിൽ വരുന്ന പഞ്ചായത്തുകൾ:
അമ്മായിപ്പാലം: ബത്തേരി ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളും പൂതാടി, പുൽപ്പള്ളി, മുളളൻകൊല്ലി പഞ്ചായത്തുകൾ.
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്ത് ഒഴികെയുളള മാനന്തവാടി ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകൾ.
പേര്യ: തവിഞ്ഞാൽ പഞ്ചായത്ത്.
കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളും പനമരം പഞ്ചായത്തും.