1
വളയത്ത് നടന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണം

നാദാപുരം: ലോക്ക് ഡൗണിന്റെ വിലക്കുകൾ കാറ്റിൽപ്പറത്തി വളയം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കിറ്റ് വിതരണത്തിൽ പങ്കെടുത്തത് അറുപതിലധികം അന്യസംസ്ഥാന തൊഴിലാളികൾ. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവർ കിറ്റുവാങ്ങാൻ ഒത്തുകൂടിയത്. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ - തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വളയം ടൗണിൽ ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം ചെയ്‌തത്. വളയം പൊലീസ് സ്റ്റേഷന് സമീപത്തെ കാപ്പുംകര കോംപ്ലക്സിൽ താമസിക്കുന്ന അറുപതോളം താമസക്കാരാണ് കിറ്റ് വാങ്ങാനെത്തിയത്. റേഷൻ കടകളിലും ബാങ്കുകളിലും മാറ്റ് പൊതുസ്ഥലങ്ങളിലുമെത്തുന്നവർ പ്രോട്ടോക്കോൾ കർശനമായും പാലിക്കണമെന്ന് നിഷ്‌കർഷിക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പങ്കെടുത്ത വേദിയിൽ നടന്ന നിയമ ലംഘനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.