കൽപ്പറ്റ: കൊറോണ കാലത്ത് വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഇലപ്പച്ച ചലഞ്ചൊരുക്കി ജില്ലാ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം. ജില്ലയിലെ 53 എൻ.എസ്.എസ് യൂണിറ്റുകളിലെ 5300 വളണ്ടിയർമാർ അവരുടെ കുടുംബാംഗങ്ങളോടൊപ്പം വീടുകളിൽ ചുരുങ്ങിയത് 5 ഇനം പച്ചക്കറി തൈകൾ പരിപാടിയുടെ ഭാഗമായി നടും. 53 യൂണിറ്റിലെയും പ്രോഗ്രാം ഓഫീസർമാർ വളണ്ടിയർമാർക്ക് ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകിവരുന്നു. 26000 ഓളം തൈകൾ വളണ്ടിയർമാർ സ്വന്തം വീടുകളിൽ ഒരുക്കും. പരിപാടിയുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.
ഇലപ്പച്ച ചലഞ്ച് കൂടാതെ ഗൃഹശുചീകരണം പെയിന്റിംഗ്, കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നീ പ്രവർത്തനങ്ങളിലും വളണ്ടിയർമാർ ഏർപ്പെടുന്നുണ്ട്.
എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ കെ.എസ്.ശ്യാൽ, ക്ലസ്റ്റർ കൺവീനർമാരായ എം.കെ.രാജേന്ദ്രൻ, എ.വി.രജീഷ്, കെ.രവീന്ദ്രൻ, പി.കെ.സാജിദ്, എ.ഹരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.