കൽപ്പറ്റ: ജില്ലയിൽ 353 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10842 ആയി. നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച 3 പേർ ഉൾപ്പെടെ 7 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് 8 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതുവരെ അയച്ച 143 സാമ്പിളുകളിൽ 123 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സൗജന്യ റേഷൻ വിതരണം ആരംഭിച്ചതോടെ കമ്മ്യൂണിറ്റി കിച്ചനുകളുടെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സഹായ വിലയ്ക്ക് നൽകുന്ന ഭക്ഷണം കുടുംബശ്രീ കൗണ്ടറുകൾ വഴിയും സൗജന്യ ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൺ വഴിയും ലഭ്യമാക്കും.
ജില്ലയിൽ വെള്ളിയാഴ്ച 2027 പേർക്ക് സൗജന്യ ഭക്ഷണവും 1279 പേർക്ക് സഹായ വിലയ്ക്കുള്ള ഭക്ഷണവും കമ്മ്യൂണിറ്റി കിച്ചൺ വഴി നൽകി. അതിർത്തി കടന്ന് 26 വാഹനങ്ങൾ ജില്ലയിലേക്ക് എത്തിയിട്ടുണ്ട്. അതിർത്തിയിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
നിരീക്ഷണത്തിൽ കഴിയുന്നതിനായി ആരോഗ്യ വകുപ്പിന്റെ കർശന നിർദേശമുള്ളവർ 28 ദിവസത്തെ നിരീക്ഷണ കാലയളവ് നിർബന്ധമായും പൂർത്തിയാക്കണം. കോവിഡ് കെയർ സെന്റായി സജ്ജീകരിച്ചിരിക്കുന്ന മാനന്തവാടി ഗവൺമെന്റ് ആശുപത്രിയിൽ സജ്ജീകരണങ്ങൾ പൂർത്തിയായി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന രോഗികൾക്ക് അവിടെ തന്നെ തുടർ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
തിരുനെല്ലിയിൽ ചത്ത നിലയിൽ കണ്ട രണ്ട് കുരങ്ങുകളെ പോസ്റ്റ്‌മോർട്ടം നടത്തി. തിരുനെല്ലി പഞ്ചായത്തിൽ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
പ്രോട്ടീൻ കിറ്റുകൾ വിതരണം ചെയ്തു
കൽപ്പറ്റ: ട്രൈബൽ കോളനികളിലെ 60 വയസ്സു കഴിഞ്ഞവർക്ക് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രോട്ടീൻ കിറ്റുകൾ വിതരണം ചെയ്തു. ജില്ലയിൽ 19500 കിറ്റുകളാണ് വിതരണം ചെയ്തത്. ഗോതമ്പ്, നുറുക്ക്,വെളിച്ചെണ്ണ, ശർക്കര തുടങ്ങിയവയാണ് കിറ്റിലുളളത്. പ്രായമായവരിൽ പോഷകാഹാരകുറവ് പരിഹരിക്കുക ലക്ഷ്യമിട്ടാണ് പ്രോട്ടീൻ കിറ്റുകൾ വിതരണം ചെയ്യുന്നതെന്ന് ജില്ലാ പട്ടികവർഗ്ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസർ കെ.സി.ചെറിയാൻ അറിയിച്ചു. പട്ടികവർഗ്ഗ വികസന വകുപ്പ് നേതൃത്വത്തിൽ 15 സാമൂഹ്യ അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. ആറ് മാസം മുതൽ 6 വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രത്യേക ഭക്ഷണവുമുണ്ട്. റാഗി, പൊട്ടുകടല, ചെറുപയർ എന്നിവയാണ് നൽകുന്നത്.മെഡിക്കൽ എമർജൻസിക്കായി ആറ് ആംബുലൻസ് സർവ്വീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.