കോഴിക്കോട്: കൊവിഡിനെ തുരത്താൻ വർണ്ണക്കൂട്ടൊരുക്കി കുട്ടി കലാകാരൻമാരും. എൽ.കെ.ജി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളാണ് ചിത്രം വരച്ചും, പോസ്റ്റർ തയ്യാറാക്കിയും കൊവിഡ്-19 പ്രതിരോധ പ്രചാരണത്തിൽ നാടിനൊപ്പം ചേരുന്നത്. 'തോക്കല്ല, കൊവിഡിനെ നേരിടാൻ സോപ്പും വെള്ളവുമാണ് ആയുധം", "സ്വയം കരുതലെടുത്ത് നാടിനെ രക്ഷിക്കാം", "കണ്ണി മുറിക്കാം", "പ്രകൃതിസംരക്ഷണം" എന്നിങ്ങനെ വ്യത്യസ്ഥ ആശയങ്ങളിലൂന്നിയാണ് കുട്ടികളുടെ രചന.
സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികളുടെ വേദിയായ ബാലസദയമാണ് വേറിട്ട പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്.
കൊവിഡ്: കരുതാം, പൊരുതാം എന്ന വിഷയത്തിൽ കുട്ടികൾ വീട്ടിൽ നിന്ന് രചന തയ്യാറാക്കി ഫോട്ടോയെടുത്ത് വാട്സ് ആപ്പിലൂടെ അയക്കുകയാണ് വേണ്ടത്. രചനകൾ ആദ്യഘട്ടത്തിൽ സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കും. പിന്നീട് പ്രധാന കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും പ്രദർശിപ്പിക്കും. തിരഞ്ഞെടുക്കപ്പെട്ട രചനകൾക്ക് സമ്മാനവും നൽകുന്നുണ്ട്. മാർച്ച് 26ന് തുടങ്ങിയ പ്രചാരണത്തിൽ ഇതിനകം മുന്നൂറോളം കുട്ടികൾ രചനകൾ അയച്ചു. 125 ഓളം വാട്സ് ആപ്പ് ഗ്രൂപ്പുകൾ, ഫെയ്സ് ബുക്ക്, വെബ് സൈറ്റ് വഴി കുട്ടികളുടെ രചനകൾ പ്രചരിക്കപ്പെടുന്നുണ്ട്. ചാർട്ട് പേപ്പർ/ഡ്രോയിംഗ് ഷീറ്റ് / വെള്ള പേപ്പർ എന്നിവയിലായിരിക്കണം രചന. പെയിന്റിംഗിന് വാട്ടർ/ ഓയിൽ/ അക്രിലിക് , ക്രയോൺ എന്നിവയ്ക്കു പുറമെ പേന, പെൻസിൽ ഉപയോഗിക്കാം പോസ്റ്ററിൽ സംവാദം സാദ്ധ്യമാകുന്ന വാക്യങ്ങളാകണം.