താനൂർ : ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കേ, നാല് ആരാധനാലയങ്ങളിൽ ആക്രമണം നടത്തുകയും മോഷണം നടത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. തലക്കടത്തൂർ സ്വദേശി കരുമരക്കാട്ടിൽ അഹമ്മദ് കുട്ടിയാണ് (49) അറസ്റ്റിലായത്.
ഏപ്രിൽ ഒന്നിന് അരീക്കാട് മസ്ജിദുൽ തഖ്വ പള്ളിയിലെ ഒരു മൈക്കും തലക്കടത്തൂർ വിഷ്ണു, അയ്യപ്പ ക്ഷേത്രത്തിലെ ദീപസ്തംഭവും തകർക്കപ്പെട്ടിരുന്നു. ദീപസ്തംഭം തകർത്തതിൽ ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഏപ്രിൽ രണ്ടിന് പുലർച്ചെ അരീക്കാട് ജുമാമസ്ജിദിന് അകത്തുള്ള മിഹറാമ്പും മിമ്പറും തീവച്ച് നശിപ്പിച്ചു. എട്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. തലപ്പറമ്പ് അങ്ങാടിയിലെ റോഡരികിൽ സ്ഥാപിച്ച ഓമാനൂർ ശുഹദാക്കളുടെ നേർച്ചപ്പെട്ടിയിൽനിന്നും 1180 രൂപയും ചെമ്പ്ര ധർമ്മശാസ്താക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും 1980 രൂപയും മോഷ്ടിക്കപ്പെട്ടു.
പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചതു വഴി രണ്ടു മണിക്കൂറിനകം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. പള്ളിയിൽ ചെരിപ്പ് ഉപേക്ഷിച്ചതും പിടികൂടാൻ സഹായകമായി. സാമ്പത്തിക പ്രയാസമാണ് മോഷണത്തിനു പിന്നിൽ. മൂന്നുവർഷം മുമ്പ് ഗൾഫിൽ നിന്ന വന്ന പ്രതി പിന്നീട് ജോലിയില്ലാതെ പ്രയാസത്തിലായിരുന്നു. സംഘർഷാന്തരീക്ഷം സൃഷ്ടിച്ച് അന്വേഷണം വഴിതിരിച്ചു വിടാനാണ് ആക്രമണം നടത്തിയത്. പള്ളിയിൽ മിമ്പറിന് തീവച്ച ശേഷം വീട്ടിൽ പോയ അഹമ്മദ് കുട്ടി പൊലീസ് എത്തിയതറിഞ്ഞ് തിരിച്ചെത്തുകയും എത്രയും വേഗം കേസ് തെളിയിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.