തിരുവമ്പാടി: കൊവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന് തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കൈത്താങ്ങ്. തിരുവമ്പാടി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും മാസ്കുകൾ സൗജന്യമായി നിർമ്മിച്ചു നൽകി. ആദ്യഘട്ടത്തിൽ എഴുന്നൂറോളം മാസ്കുകളാണ് നൽകിയത്. തിരുവമ്പാടിയിലെ ആരോഗ്യ പ്രവർത്തകരായ മറിയാമ്മ സാബു, യു.സി.അജ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് മാസ്ക് നിർമ്മിച്ചത്. തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ പഞ്ചായത്തധികൃതർക്ക് മാസ്കുകൾ കൈമാറി. വരുംദിവസങ്ങളിലും മാസ്കുകൾ നിർമ്മിച്ച് നൽകുമെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.