കോഴിക്കോട്: ജില്ലയിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന 641 പേരെ കൊവിഡ് 19 സുരക്ഷയുടെ ഭാഗമായി ജില്ലാ ഭരണകൂടം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വെസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റൽ, പ്രീമെട്രിക് ഹോസ്റ്റൽ, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഹോസ്റ്റൽ, ബി.ഇ.എം എച്ച്.എസ് സ്‌കൂൾ, ഗവ. മോഡല്‍ സ്‌കൂൾ, മെഡിക്കൽ കോളേജ് കാമ്പസ് സ്‌കൂൾ എന്നിവിടങ്ങളിലായാണ് ഇവരെ പുനരധിവസിപ്പിച്ചത്.
വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ മൂന്നു നേരം ഭക്ഷണവും വേണ്ട പരിചരണവും നൽകുന്നുണ്ട്. വഴിയോരങ്ങളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടർ, വൃദ്ധർ, അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവരുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.