babu

പാലക്കാട്: ലോക്ക് ഡൗൺ കാലത്ത് കിടപ്പുരോഗികൾക്കും വൃദ്ധർക്കും അവരുടെ വീടുകളിലെത്തി ഹെയർ കട്ടിംഗും ഷേവിംഗും സൗജന്യമായി ചെയ്തുകൊടുത്ത് താരമാകുകയാണ് എടത്തറയുടെ അഭിമാനമായ 'ബാർബറാം ബാബു'.

ലോക്ക് ഡൗണിനെത്തുടർന്ന് നാട്ടിലെ ബാർബർ ഷോപ്പിനും പൂട്ടുവീണതോടെ മുടിവെട്ടാനും ഷേവ് ചെയ്യാനും കഴിയാതെ ബുദ്ധിമുട്ടിലായി മുതിർന്നവരുൾപ്പെടെ. പിന്നെ കത്രികയും മറ്റുമായി പാർട്ട്ടൈം ബാർബറായ ഈ 51 കാരൻ രംഗത്തിറങ്ങി. തനിക്ക് അറിയാവുന്ന ജോലികൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തിൽ ആർക്കെങ്കിലും ഉപകാരമാവട്ടെ എന്നതിനാലാണ് സൗജന്യ സേവനവുമായി രംഗത്തിറങ്ങിയതെന്ന് ബാബു പറയുന്നു.

ആരോഗ്യവകുപ്പിന്റെ മുൻകരുതലുകൾ പാലിച്ചാണ് മുടിവെട്ടുന്നത്. ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഓരോ തവണയും അണുവിമുക്തമാക്കും. സാനിറ്റൈസറും മാസ്‌കും കൈയുറകളും ധരിച്ചാണ് മുടിവെട്ടൽ.

ഓരോ വീട്ടിൽ ചെന്നാലും അവരുടെ ടൗവ്വലോ മറ്റു തുണിയോ ആണ് ദേഹത്ത് പുതയ്ക്കാനായി ഉപയോഗിക്കുന്നത്. തനിക്കോ, തന്നിലൂടെ മറ്റുള്ളവർക്കോ രോഗം പകരാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കാറുണ്ടെന്ന് ബാബു പറയുന്നു. മുൻപ് പ്രളയം വന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ബാബുവിനെ ഇന്നും നാട്ടുകാർക്ക് ഒന്നേ പറയാനുള്ളു

വ്യത്യസ്തനാമൊരു ബാർബറാം ബാബുവിനെ
മൊത്തത്തിൽ നമ്മൾ തിരിച്ചറിയുന്നു.