കോഴിക്കോട്: ജില്ലയിൽ ഒരു കൊവിഡ് രോഗിക്ക് കൂടി അസുഖം മാറി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളിൽ കാസർകോട് സ്വദേശിയെ തുടർ പരിശോധനാ ഫലം നെഗറ്റീവായി മാറിയതോടെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു. ബുധനാഴ്ചയും ഒരാൾ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
ഇന്നലെ ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളില്ല. ഇപ്പോൾ എട്ട് പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
ഇപ്പോൾ 21,934 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 13 പേർ ഉൾപ്പെടെ 26 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലുണ്ട്. 15 പേരെ ഇതിനകം ആശുപത്രിയിൽ നിന്നു ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്.
ഇന്നലെ 16 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 297 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 274 എണ്ണത്തിന്റെ ഫലം ലഭിച്ചു. 264 എണ്ണവും നെഗറ്റീവാണ്. ഇതിനകം രോഗം ഭേദമായ രണ്ടു രോഗികൾ ഉൾപ്പെടെ ഏഴു കോഴിക്കോട് സ്വദേശികൾക്കും ഒരു കണ്ണൂർ സ്വദേശിയ്ക്കും രണ്ട് കാസകോട്ടുകാർക്കുമാണ് പരിശോധനാ ഫലം നേരത്തെ പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 23 പേരുടെ ഫലംകൂടി ലഭിക്കാൻ ബാക്കിയുണ്ട്.