കോഴിക്കോട്: കൊവിഡ് 19 പേടിയിലുള്ള നഗരത്തിൽ സന്ധ്യ സമയങ്ങൾ പ്രത്യക്ഷപ്പെടുന്ന അജ്ഞാത രൂപങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. പയ്യാനക്കൽ, കണ്ണഞ്ചേരി, വൈ.എം.ആർ.സി, മാറാട്, പന്നിയങ്കര, ബേപ്പൂർ, നടുവട്ടം എന്നിവിടങ്ങളിലാണ് അജ്ഞാത രൂപങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവയെ പിടികൂടാത്തത് നാട്ടുകാരുടെ പിടി ഇരട്ടിപ്പിക്കുകയാണ്.

വീടുകളിലെത്തി വാതിലുകളിലും ജനലുകളിലും തട്ടി ശബ്ദമുണ്ടാക്കുകയാണ് ഇവരുടെ പതിവ്. വാതിൽ തുറന്നാൽ ഓടി മറയും. ഒളിഞ്ഞിരുന്ന് സ്ത്രീകളെ ഭയപ്പെടുത്തുക, ടെറസിന് മുകളിൽ കയറി വീട്ടിലേക്ക് കല്ലുകളും മരക്കമ്പുകളും എറിയുക തുടങ്ങിയവയും ഇക്കൂട്ടരുടെ വിക്രസുകളിൽ പെടുന്നു. എന്നാൽ എവിടെയും മോഷണമടക്കമുള്ള അനിഷ്ട സംഭവങ്ങളുണ്ടായിട്ടില്ല. പലരും രൂപങ്ങൾ കണ്ടെന്നല്ലാതെ പിടികൂടാനായില്ല.

ആളുകളെ പേടിപ്പിക്കാൻ ആരെങ്കിലും വേഷം കെട്ടി നടക്കുകയാണെന്നാണ് നാട്ടുകാരുടെ സംശയം. ഒരേ സമയം വ്യത്യസ്തയിടങ്ങളിൽ അജ്ഞാത രൂപം പ്രത്യക്ഷപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പിന്നിൽ ഒരു സംഘമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ശല്യം പതിവായതോടെ നാട്ടുകാർ രാത്രിയിൽ ചെറുസംഘങ്ങളായി തിരിഞ്ഞ് അജ്ഞാത രൂപത്തിനായി തെരച്ചിൽ തുടങ്ങി.

അതേസമയം പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ കത്താത്തത് അജ്ഞാതർക്ക് സഹായകമാകുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. അടിയന്തരമായി കോർപ്പറേഷൻ സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കണമെന്നും രാത്രിയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.