കൽപ്പറ്റ: 'കൊവിഡ് 19 പ്രതിരോധം ശക്തമായി തുടരുമ്പോഴും തീരാദുരിതത്തിലായ ഒരുപിടി ജീവിതങ്ങൾ ഇവിടെയുണ്ട്, ഒരു നേരത്തെ ഭക്ഷണംപോലും കിട്ടാതെ കഴിയുന്ന ആദിവാസികൾ. അവരും ഈ രാജ്യത്തെ പ്രജകളാണ്".- മുൻ മന്ത്രി പി.കെ. ജയലക്ഷ്മി പറയുന്നു.
അവരെ അന്വേഷിച്ചാൽ എങ്ങും കാണുന്നത് കരളലിയിക്കുന്ന കാഴ്ചകളാകും. അവരിൽ ഒരു വിഭാഗത്തിന് നാളെയെക്കുറിച്ച് ചിന്തയില്ല. ഇന്നു കഴിഞ്ഞാൽ കഴിഞ്ഞു. അങ്ങനെയുള്ളവർ വിലക്കുകാരണം കൂരവിട്ടിറങ്ങുന്നില്ല. അവർക്ക് സഹായമെത്തിക്കണം- ജയലക്ഷ്മി കേരളകൗമുദിയോട് പറഞ്ഞു.
കൊവിഡിനെതിരെ കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. എന്നാൽ ഉൾപ്രദേശങ്ങളിൽ കിടപ്പുരോഗികൾപോലും ഒരു നേരത്തെ ദക്ഷണം കിട്ടാതെ വലയുകയാണ്. അവരെ കണ്ടെത്തണം. ആദിവാസികളിലെ പണിയ വിഭാഗത്തിന് നാളെയെക്കുറിച്ച് ചിന്തയില്ല. പുറത്തിറങ്ങിയാൽ പൊലീസ് തല്ലുമെന്ന പേടികാരണം പട്ടിണിയാണെങ്കിലും അവർ കോളനിയിൽ ഒതുങ്ങുന്നു. ഇത്തരക്കാരെയും കണ്ടെത്തണം. കൊവിഡിനെക്കുറിച്ച് അറിയാത്തവരാണ് നല്ലൊരു ശതമാനം ആദിവാസികളും. ഇവർക്കിടയിൽ രോഗം പടർന്നാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടും. അതുകൊണ്ട് അവരുടെ മേഖലയിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ജയലക്ഷ്മി പറഞ്ഞു.