youth

കുറ്റ്യാടി: കൊവിഡ് 19 കാലത്ത് കുറ്റ്യാടിയിലെ പ്രദേശത്തെ വീടുകളിൽ ഭക്ഷ്യവസ്‌തുക്കളടങ്ങിയ സഞ്ചിയുമായി എത്തുകയാണ് ഒരുകൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇതിനായി ആദ്യം സ്വന്തം വാഹനവും പണവും ഉപയോഗിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളിൽ നിന്നും സഹായമെത്തി.

അരി, വെളിച്ചെണ്ണ, കടല, ഉപ്പ്, പരിപ്പ് തുടങ്ങിയ അവശ്യവസ്‌തുക്കളാണ് കിറ്റിലുള്ളത്. വളയന്നൂർ, ഊരത്ത്, കമ്മനതാഴ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭക്ഷ്യവസ്‌തുക്കളെത്തിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പൂർണ സുരക്ഷിതത്വം പുലർത്തിയാണ് ഭക്ഷണവിതരണം ക്രമീകരിച്ചിരിക്കുന്നത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്ന് യൂത്ത് കോൺഗ്രസ് വടകര പാർലിമെന്റ് ഉപാദ്ധ്യക്ഷൻ ശ്രീജേഷ് ഊരത്ത്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ അസ്ഹർ കുറ്റ്യാടി, കെ.കെ. ജിതിൻ എന്നിവർ പറഞ്ഞു.