കുറ്റ്യാടി: പുഴയോര ഗ്രാമമായ ഊരത്തെ പാതയോരത്തിലൂടെ റേഷൻ കടയിൽ നിന്ന് വാങ്ങിയ അരി സഞ്ചിയും ചുമലിൽ താങ്ങി സമീപത്തെ വീട്ടീലേക്ക് നടന്നു കയറുകയാണ് ഹാഷിം നമ്പാടൻ. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് നാടിന് മുഴുവൻ താഴുവീണപ്പോൾ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ പരിസരവാസികളുടെ വീടുകളിൽ ഭക്ഷ്യവസ്‌തുക്കൾ എത്തിക്കുന്നത് തന്റെ കടമയാണെന്നാണ് പൊതുപ്രവർത്തകനായ ഹാഷിം പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ നാട്ടുക്കാർക്കായി റേഷൻകടയിൽ ക്യൂ നിന്ന് അരി വാങ്ങി വീടുകളിലെത്തിക്കുകയാണ് ഹാഷിം. കൂടാതെ സ്വന്തം കെട്ടിടങ്ങളിൽ വാടക തരാനാവാതെ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കു ഭക്ഷണം നൽകുന്നതും ഹാഷിം നമ്പാടനാണ്. ചുരുങ്ങിയ വാക്കുകളിൽ സംസാരം, കൂടുതൽ സമയവും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ; ഇതാണ് ഹാഷിമിന്റെ സിദ്ധാന്തം.