ബൈരകുപ്പയിൽ നിന്ന് അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾക്ക് ജില്ലയിലേക്ക് കടക്കാം

കൽപ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 213 ആളുകൾ കൂടി നിരീക്ഷണത്തിൽ. ഇതോടെ ജില്ലയിൽ 10907 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുൾപ്പെടെ 7 പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്ന് ശനിയാഴ്ച്ച 6 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ അയച്ച 149 സാമ്പിളുകളിൽ 132 എണ്ണത്തിന്റെ ഫലം ലഭിച്ചു. 17 എണ്ണത്തിന്റെ ഫലം ലഭിക്കുവാൻ ഉണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 965 വാഹനങ്ങളിലായി എത്തിയ 1591 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. നിലവിൽ ജില്ലയിൽ 57 വിദേശികൾ നിരീക്ഷണത്തിലുണ്ട്.

ബൈരകുപ്പയിലെ ആളുകൾക്ക് അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രം ജില്ലയിലേക്ക് പ്രവേശിക്കാം. അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിശദമായ വിവരങ്ങൾ നൽകണം. ജില്ലയിലെ തിരഞ്ഞെടുത്ത ഹോട്ടലുകളിൽ പാർസൽ സൗകര്യം രാത്രി രാത്രി 8 വരെ നീട്ടി.

മരുന്നുകൾക്ക് അമിത വില ഈടാക്കുന്നത് തടയും
കൽപ്പറ്റ: ജില്ലയ്ക്ക് പുറത്ത് നിന്ന് ലഭ്യമായിരുന്ന മരുന്നുകൾക്ക് ജില്ലയിൽ അമിത വിലയിടാക്കുന്നത് തടയാൻ ഡ്രഗ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ യോഗത്തിലാണ് തീരുമാനം. മാനന്തവാടി,സുൽത്താൻ ബത്തേരി,വൈത്തിരി താലൂക്കിൽ ഒന്ന് വീതം മരുന്നുകടകൾക്ക് രാത്രി 8 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. വിരളമായി ലഭിക്കുന്ന മരുന്നുകളുടെ വിതരണത്തിനായി ജില്ലയിൽ മൂന്ന് മരുന്ന്ഷാപ്പുകൾ ഒരുക്കിയിട്ടുണ്ട്. കൽപ്പറ്റയിൽ ജീവ മെഡിക്കൽസ്,ബത്തേരിയിൽ മഹാത്മ, മാനന്തവാടിയിൽ മാനന്തവാടി മെഡിക്കൽസ് എന്നിവയാണ് ഇതിനായി പ്രവർത്തിക്കുക. കാൻസർ,കിഡ്നി മരുന്നുകൾ നാലാംമൈലിലെ റിയ മെഡിക്കൽസിൽ നിന്നു ലഭിക്കും.

കോവിഡ് ഹോസ്പിറ്റലായി പ്രവർത്തിക്കുന്നതിനു വേണ്ടി ഏറ്റെടുത്ത മേപ്പാടി വിംസ് മെഡിക്കൽ കോളേജ് സുസജ്ജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആറു നിലകളിലുള്ള മെഡിക്കൽ കോളേജിന്റെ മൂന്ന് നിലകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താനാകും. പുതുതായി വാങ്ങുന്ന വെന്റിലേറ്ററുകൾ ഇവിടെ താൽക്കാലികമായി സജ്ജമാക്കുന്നതിനും നടപടിയുണ്ടാകും. കുടകിൽ നിന്ന് എത്തിയവരും കോവിഡ് കെയർ സെന്ററിൽ താമസിപ്പിച്ചവരുമായ പട്ടികവർഗ വിഭാഗക്കാരെ ക്വാറന്റയിൻ പിരീഡ് പൂർത്തിയായ സാഹചര്യത്തിൽ വീട്ടിലേയ്ക്ക് തിരിച്ചയക്കുന്ന കാര്യം പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പിനു യോഗം നിർദേശം നൽകി. എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഒ.ആർ കേളു, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ, സബ് കളക്ടർ വികൽപ് ഭരദ്വാജ്,ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
(ചിത്രം)