fishing-

കോഴിക്കോട്: ജില്ലയിലെ മുഴുവൻ ചെറുകിട - പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളും ഇന്ന് മുതൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ ഫിഷിംഗ് ഹാർബറുകളിൽ മാത്രമേ മത്സ്യവുമായി എത്താവൂ എന്ന് ജില്ലാ കളക്ടറുടെ കർശന നി‌ർദ്ദേശം. ബോട്ടുകളിൽ നിന്ന് നേരിട്ട് ചെറുകിട കച്ചവടക്കാർക്കാണ് മത്സ്യം നൽകുക. ഇത് ഉറപ്പുവരുത്താൻ പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് കളക്ടർ സാംബശിവ റാവു സിറ്റി - റൂറൽ ജില്ലാ പൊലീസ് മേധാവികളോട് നിർദ്ദേശിച്ചിട്ടുമുണ്ട്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വലിയ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ചെറുകിട മത്സ്യബന്ധനം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചെറുകിട ബോട്ടുകാർ നിലവിലെ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ മത്സ്യം എത്തിച്ച് വിപണനം നടത്തുമ്പോഴുണ്ടാവുന്ന വൻ ജനത്തിരക്ക് ഒഴിവാക്കുന്നതിനാണ് പുതിയ ക്രമീകരണം.

ഹാർബറുകളിലെത്തുന്ന ബോട്ടുകളിൽ നിന്ന് മത്സ്യം വാങ്ങാൻ ചെറുകിട കച്ചവടക്കാർക്ക് ടോക്കൺ വ്യവസ്ഥയിലായിരിക്കും പ്രവേശനം. മത്സ്യ വില ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റിയുമായി ചർച്ച ചെയ്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തീരുമാനിക്കും. ഇവിടെ നിന്ന് മത്സ്യം എടുക്കുന്ന കച്ചവടക്കാർ ചില്ലറ മാർക്കറ്റിൽ മത്സ്യം ലഭ്യമാക്കണം.

മത്സ്യബന്ധനത്തിന് പുറപ്പെടുന്ന പരമ്പരാഗത മത്സ്യതൊഴിലാളികൾ അവരുടെ യാനങ്ങളുടെ വിവരം ബേപ്പൂർ ഫിഷറീസ് കൺട്രോൾ റൂമിൽ അറിയിച്ചിരിക്കണം. ഇതനുസരിച്ചുളള മുൻഗണനാ ടോക്കൺ ഹാർബറിൽ ലഭിക്കും. കൺട്രോൾ റൂം നമ്പർ: 0495 2414074.

ഈ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥനുള്ള സൗകര്യങ്ങൾ ഹാർബർ എൻജിനിയറിംഗ് വകുപ്പ് ലഭ്യമാക്കും.

മത്സ്യഫെഡിന്റെ ജില്ലയിലെ ഔട്ട്‌ലെറ്റ് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും.

ജില്ലയിൽ ഒരിടത്തും മത്സ്യ ലേലം അനുവദിക്കില്ല. എല്ലാ ഹാർബറുകളിലും സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ ആവശ്യമായ പൊലീസിനെ ജില്ലാ പൊലീസ് മേധാവികൾ നിയോഗിക്കും.

ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്താനുളള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽത്ത് ഓഫീസർമാരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. കൊവിഡ് - 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി താലൂക്ക് അടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട നോഡൽ ഓഫീസർമാർക്കായിക്കും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല.