കോഴിക്കോട്: ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് കൂട്ടംകൂടി നിൽക്കുന്നവരെ പിടികൂടാൻ പൊലീസിന് പുതിയ പദ്ധതി. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഫോട്ടോ എടുക്കും. തത്കാലം കേസ് എടുക്കുക കണ്ടാലറിയാവുന്നർക്കെതിരെ എന്നു ചേർത്തായിരിക്കും. പിന്നീട് ഫോട്ടോയിലുള്ളവരെ തിരിച്ചറിയുന്ന മുറയ്ക്ക് ഓരോരുത്തർക്കുമെതിരെ കേസ് വരും. തെളിവായി ഈ ഫോട്ടോ കൂടി കോടതിയിൽ സമർപ്പിക്കും.
കോഴിക്കോട് നഗരത്തിൽ പലയിടത്തും ആളുകൾ വെറുതെ കൂട്ടംകൂടി നിൽക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ് പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ നൈറ്റ് പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായി വാഹനങ്ങൾ റോഡിലിറക്കുന്നവർക്കെതിരെ നടപടി തുടരും.