news

കൊടുവള്ളി: കരുവൻപൊയിലിൽ മദ്യമയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ കേരള മുസ്ലീം ജമാഅത്ത് കൊടുവള്ളി സോൺ വൈസ് പ്രസിഡന്റും കരുവൻ പൊയിൽ മഹല്ല് കമ്മിറ്റി സെക്രട്ടറി ടി.പി. ഉസയിൻ ഹാജിയ്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ കരുവൻപൊയിലിൽ വള്ളുവ ശ്മശാനത്തിന് സമീപത്തായിരുന്നു സംഭവം. മയക്കുമരുന്ന് സംഘത്തെ ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു മർദ്ദനം.

ഉസയിൻ ഹാജിയുടെ വലതുകൈയ്‌ക്കും കാലിലും മുറിവേറ്റു. ഹാജിയുടെ മകൻ ടി.പി. മുനീറിനെ സംഘം ഭീഷണിപ്പെടുത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി മയക്കുമരുന്ന് സംഘത്തെ അടിച്ചോടിച്ചു. തുടർന്ന് മയക്കുമരുന്ന് സംഘമെത്തിയ ബൈക്കുകളുടെ ടയറിലെ കാറ്റഴിച്ചുവിട്ടു. എന്നാൽ മയക്കുമരുന്ന് സംഘത്തെ കസ്റ്റഡിയിലെടുക്കാത്ത പൊലീസ് നടപടിയിൽ നാട്ടുകാർ പ്രതിഷേധിച്ചു.

ടി.പി. ഉസയിൻഹാജിയെ അക്രമിച്ച സംഭവത്തിൽ കാരാട്ട് റസാഖ് എം.എൽ.എ പ്രതിഷേധിച്ചു. അക്രമികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എ.പി. മജീദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ബാബു, കൗൺസിലർ വയോളി മുഹമ്മദ്, മുസ്ലീം ലീഗ് കൊടുവള്ളി നഗരസഭാ കമ്മിറ്റി പ്രസിഡന്റ് വി.കെ. അബ്ദുഹാജി, കൊടുവള്ളി നഗരസഭ ജനകീയവേദി കൺവീനർ കെ. അസയിൻ, ബി.ജെ.പി കൊടുവള്ളി നഗരസഭ സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.വി. അരവിന്ദാക്ഷൻ, നോർത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.ടി. സദാശിവൻ, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സലിം അണ്ടോണ, സോൺ പ്രസിഡന്റ് എ.കെ.സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സെക്രട്ടറി ഡോ. അബൂബക്കർ നിസാമി എന്നിവർ പ്രതിഷേധിച്ചു.

 പിടിമുറുക്കുന്ന

മയക്കുമരുന്ന് സംഘം

കരുവൻപൊയിൽ പൂളക്കൽ വള്ളുവ ശ്മശാനത്തിനടുത്തുള്ള സ്ഥലവും ചുണ്ടപ്പുറം കാരാട്ടുപൊയിൽ പാലക്കുണ്ടത്തിനടുത്ത് ആളൊഴിഞ്ഞ പ്രദേശവുമാണ് മയക്കുമരുന്ന് സംഘത്തിന്റെ താവളം. കൊവിഡിനെ തുടർന്നുള്ള ലോക് ഡൗണിന് ശേഷമാണ് സംഘം കരുവൻപൊയിലിലും കാരാട്ടുപൊയിലും പിടിമുറുക്കിയത്. സംഘം രാവിലെ മുതൽ രാത്രി വരെ ഇവിടെ സ്വൈരവിഹാരം നടത്തുന്ന ഇവിടെ പൊലീസിന്റെ ശ്രദ്ധ അടിയന്തരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.