news

പേരാമ്പ്ര: അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് വിപണിയിൽ പരിശോധന കർശനമാക്കി. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം താലൂക്കിലെ വിവിധ കച്ചവട സ്ഥാപനങ്ങളിലും റേഷൻ കടകളിലും പരിശോധന നടത്തി. ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരുമുണ്ട് സംഘത്തിൽ.

പെരുമാൾപുരം, പയ്യോളി, മൂരാട്, കോട്ടക്കൽ, പയ്യോളി അങ്ങാടി എന്നിവിടങ്ങളിലെ 6 പച്ചക്കറിസ്റ്റാളുകൾ, ഒരു മൊത്തവ്യാപാര സ്ഥാപനം, രണ്ട് ചില്ലറ വില്പനസ്ഥാപനങ്ങൾ, രണ്ടു ചിക്കൻ സ്റ്റാളുകൾ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരിശോധന. വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തതിന് മൂന്നു വ്യാപാരികൾക്കും അളവ് തൂക്ക ഉപകരണത്തിന് മുദ്ര പതിക്കാത്തതിന് ഒരു കച്ചവടക്കാരനും നോട്ടീസ് നൽകി.

തൂക്കക്കുറവ് സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നൊച്ചാട് പഞ്ചായത്തിലെ ഒരു റേഷൻ കടയിൽ പരിശോധന നടത്തി. കടയുടമയ്ക്ക് നോട്ടീസും നൽകി. ഗുണനിലവാരത്തെ ചൊല്ലിയുള്ള പരാതിയെ തുടർന്ന് തണ്ടയിൽ താഴെ എന്ന സ്ഥലത്തെ റേഷൻകട പരിശോധിച്ച് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.

കേടായ ഭക്ഷ്യവസ്തുക്കൾ യാതൊരു കാരണവശാലും വിതരണം ചെയ്യരുതെന്ന് കടക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിലവിവരപട്ടികയെന്ന പോലെ അളവ് തൂക്ക ഉപകരണവും പൊതുജനങ്ങൾ കാണുന്ന വിധത്തിൽ വെച്ചില്ലെങ്കിൽ നടപടിയുണ്ടാവും.