news

പേരാമ്പ്ര: ലോക്ക് ഡൗൺ പുരോഗമിക്കുമ്പോൾ ഗ്രാമമേഖലകളിലുൾപ്പെടെ സാമൂഹിക അടുക്കളകൾ സജീവം. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങൾക്കാണ് നടത്തിപ്പ് ചുമതല. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകൾ, ഏഴ് മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നിവിടങ്ങളിലായി 91 അടുക്കൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 86 എണ്ണം കുടുംബശ്രീയുടെ നേതൃത്വത്തിലാണ്.

രണ്ടും മൂന്നും അടുക്കളകൾ ഒരേസമയം പ്രവർത്തിപ്പിക്കുന്ന ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ജില്ലയിലുണ്ട്. കോഴിക്കോട് കോർപ്പറേഷനിൽ ഏഴ്, വടകര മുനിസിപ്പാലിറ്റിയിൽ മൂന്ന്, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ രണ്ട്, ചങ്ങരോത്ത്, വില്യാപ്പള്ളി, താമരശ്ശേരി പഞ്ചായത്തുകളിൽ രണ്ട് വീതം അടുക്കളകളാണുള്ളത്. പേരാമ്പ്ര, മേപ്പയ്യൂർ, ചെറുവണ്ണൂർ, ചക്കിട്ടപ്പാറ പഞ്ചായത്തുകളിൽ ഓരോന്നുമുണ്ട്.

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 86 സാമൂഹിക അടുക്കളകളിൽ നിന്ന് ജില്ലയിൽ ഇന്നലെ 20,589 ഭക്ഷണപ്പൊതികൾ സൗജന്യമായി വിതരണം ചെയ്‌തു. 20 രൂപയ്‌ക്ക് നൽകുന്ന ഊണ് 1381 പേർക്കും, 25 രൂപയ്‌ക്കുള്ളത് 301 പേർക്കും നൽകി.

കണക്കുകൾ ഇങ്ങനെ

 കുടുംബശ്രീയുടെ സാമൂഹ്യ അടുക്കളകൾ- 86

 ഇന്നലെ വിതരണം ചെയ്ത സൗജന്യ ഭക്ഷണപ്പൊതികൾ- 20,589

 20 രൂപയ്‌ക്ക് നൽകുന്ന ഊണ്- 1381

 25 രൂപയ്‌ക്കുള്ള ഊണ്- 301