train

കോഴിക്കോട്: രാജ്യത്തെ ട്രെയിൻ സർവീസുകൾ ഏപ്രിൽ 15ന് പുനഃരാരംഭിക്കാൻ റെയിൽവേ ശ്രമം തുടങ്ങി. മുഴുവൻ ജീവനക്കാരോടും 15ന് ഡ്യൂട്ടിക്ക് എത്താൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് 17 സോണൽ മാനേജർമാർക്കും റെയിൽവേ സന്ദേശം അയച്ചിട്ടുണ്ട്. റെയിൽവേ ഓൺലൈൻ ബുക്കിംഗ് ഏപ്രിൽ ഒന്നിന് ആരംഭിച്ചിരുന്നു. സർവീസ് തുടങ്ങുമ്പോൾ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും തെർമൽ സക്രീനിംഗ് തുടരാനാണ് തീരുമാനം.

കൊറോണ വ്യാപനം തടയാനായി കഴി‌ഞ്ഞ 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് 13,523 ട്രെയിൻ സർവീസുകളാണ് നിറുത്തിവച്ചത്. സർവീസ് പുനഃരാരംഭിക്കാൻ റെയിൽവേ തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചിട്ടില്ല. റെയിൽവേ സർവീസുകൾ 15ന് ആരംഭിച്ചാൽ സ്വകാര്യ ട്രെയിനുകളും ഒപ്പം ഓടിത്തുടങ്ങും. ഇവയുടെ ഓൺലൈൻ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ചരക്ക് വണ്ടികളുടെ ഓട്ടത്തെ ലോക്ക് ഡൗൺ ബാധിച്ചിട്ടില്ല.

ആശങ്ക ഒഴിയാതെ യാത്രക്കാർ

സർവീസുകൾ പുനഃരാരംഭിക്കാൻ റെയിൽവേ നീക്കം തു‌ടങ്ങിയെങ്കിലും യാത്രക്കാരുടെ ആശങ്ക നീങ്ങിയിട്ടില്ലെന്നാണ് ഓൺലൈൻ ബുക്കിംഗ് കണക്ക് സൂചിപ്പിക്കുന്നത്. സാധാരണ നിലയിൽ ഏപ്രിലിൽ ഒരു ദിവസം ശരാശരി 15 ലക്ഷം ബുക്കിംഗ് നടന്നിരുന്നുവെങ്കിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച ശേഷം ഏപ്രിൽ രണ്ടിന് കേവലം 1.85 ലക്ഷം ബുക്കിംഗ് മാത്രമാണ് നടന്നത്.