കൽപ്പറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ച ജില്ലകളിൽ നിന്നുള്ള ആളുകൾ വയനാട്ടിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള ഉത്തരവിറക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുളളവർക്കാണ് നിയന്ത്രണം. ഈ ജില്ലകളിൽനിന്ന് ഇതിനകം വയനാട് ജില്ലയിൽ വന്നവർ 28 ദിവസം ആരുമായും സമ്പർക്കമില്ലാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.

ഹോമിയോ വകുപ്പിന്റെ

ടെലിമെഡിസിൽ സംവിധാനം
കൽപ്പറ്റ: വീട്ടിലിരിപ്പും മദ്യം കിട്ടാനില്ലാത്ത അവസ്ഥ മൂലവും മാനസിക സംഘർഷങ്ങൾ നേരിടുന്നവർക്ക് ആശ്വാസമായി ഹോമിയോ വകുപ്പ്. ഇവർക്കായി ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും സേവനം ഉറപ്പാക്കാൻ ടെലിമെഡിസിൻ സംവിധാനം ഒരുക്കിയിരിക്കുകയാണ് 'അരികെ' എന്ന പദ്ധതിയിലൂടെ. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയുളള സമയങ്ങളിൽ 8089902387 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് സേവനം തേടാം. അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ പുനർജനി യൂണിറ്റാണ് ടെലി കൗൺസലിങ്ങ് നടത്തുന്നത്. ആവശ്യക്കാർക്ക് മരുന്നും ലഭ്യമാക്കും. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് തസ്നീമിന്റെ നേതൃത്വത്തിൽ ഡിഅഡിക്ഷൻ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പിന് സഹായവുമായി ടൂറിസം ജീവനക്കാർ
കൽപ്പറ്റ: ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് താങ്ങായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജീവനക്കാർ. കോവിഡ് കെയർ ആശുപത്രിയാക്കിയ മാനന്തവാടി ജില്ലാ ആശുപത്രിക്ക് പുറമെ ജില്ലയിലെ വിവിധ ആശുപത്രികൾ, ജില്ലാ മെഡിക്കൽ ഓഫീസ്, ഐ.ഡി.എസ്.പി എന്നിവിടങ്ങളിലായി 69 ജീവനക്കാരാണ് ആരോഗ്യ വകുപ്പ് ജീവനക്കാർക്കൊപ്പം സേവന രംഗത്തുളളത്. ശുചീകരണം, ഡാറ്റാ എൻട്രി, സ്റ്റോർ കീപ്പിംഗ് പ്രവർത്തനങ്ങളിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുളള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കരാർ അടിസ്ഥാനത്തിലും ദിവസവേതനത്തിലും ജോലിചെയ്യുന്നവരാണിവർ. കോവിഡ് രോഗ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരങ്ങൾ കേന്ദ്രങ്ങൾ അടച്ചതോടെയാണ് ഇവരെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിലൂടെ ഇവർക്ക് വേതനം ഉറപ്പാക്കാനും സാധിച്ചു.
നോഡൽ ഓഫീസറായ ഡി.ടി.പി.സി സെക്രട്ടറി ബി.ആനന്ദിന്റെ നേതൃത്വത്തിൽ കോവിഡ് കെയർ സെന്ററായി പ്രവർത്തിക്കാൻ ജില്ലയിൽ 135 ഹോട്ടൽ/റിസോട്ടുകൾ ഏറ്റെടുത്തു. 1960 മുറികളാണ് ഇവിടങ്ങളിൽ ഒരുക്കിയത്. ആരോഗ്യപ്രവർത്തകർക്കും മറ്റുജീവനക്കാർക്കും താമസമൊരുക്കുന്നതും ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ്.


(ചിത്രം)
നോഡൽ ഓഫീസറായ ഡി.ടി.പി.സി സെക്രട്ടറി ബി.ആനന്ദ് ജില്ലാ ആസ്പത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കൊപ്പം