k-surendran

കോഴിക്കോട്: രാജ്യം കൊവിഡിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഒന്നിച്ചു നീങ്ങുമ്പോഴും കേരളത്തിൽ യു.ഡി.എഫ് നേതാക്കൾക്ക് ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

രോഗപ്രതിരോധത്തിന് സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ ജനങ്ങളാകെ അംഗീകരിക്കുകയാണ്. എന്നാൽ രാഷ്ട്രീയ തിമിരം ബാധിച്ച യുഡിഎഫ് നേതാക്കൾ എന്തിനെയും ഏതിനെയും എതിർക്കുന്നു. ഞായറാഴ്ച രാത്രി 9 ന് ജനങ്ങൾ ഒന്നടങ്കം ദീപം തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മവിശ്വാസം വളർത്താൻ മാത്രമല്ല, രാജ്യം ഒറ്റക്കെട്ടാണെന്ന ബോധം ഉറപ്പാക്കാൻ കൂടിയാണ്.

സംസ്ഥാന സർക്കാർ ഉൾപ്പെടെ പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കാൻ തയ്യാറെടുക്കുമ്പോൾ യു.ഡി.എഫ് നേതാക്കൾ അവഹേളന സമീപനവുമായി രാജ്യത്തിന്റെ പൊതുതാത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ നിലപാട് തിരുത്തിയില്ലങ്കിൽ ജനങ്ങളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടുകയേയുള്ളൂവെന്ന് സുരേന്ദ്രൻ പറഞ്ഞു.