ഫറോക്ക്: സാമൂഹ്യവിരുദ്ധർ പിടിമുറുക്കിയ ചെനപ്പറമ്പിൽ നാട്ടുകാർക്ക് നേരെയുള്ള അക്രമങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ മൂന്ന് വീടുകൾക്ക് നേരെയുണ്ടായ ആക്രമണമാണ് ഒടുവിലത്തെ സംഭവം. രാത്രി 11.30നും 12.30നും ഇടയിൽ ചോപ്പൻകാവിനു പടിഞ്ഞാറു ഭാഗത്തുള്ള പുറക്കാട്ടുപറമ്പിൽ ഇളംകുന്ന് കൃഷ്ണൻ, മേലേ​പ്പുറക്കാട്ട് വെള്ളായിക്കോട്ട് ചന്ദ്രൻ, തെക്കേപ്പുരക്കൽ അനിൽകുമാർ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

രാത്രി 11.30ന് ഇളംകുന്ന് കൃഷ്ണന്റെ വീടിന് മുകളിലേക്ക് കല്ലെറിയുകയും വാതിലിൽ തട്ടുകയും ജനലുകളിൽ ഇടിക്കുകയും ചെയ്‌തു. ഈസമയം കൃഷ്ണനും ഭാര്യ​യും രണ്ടു ആൺമക്ക​ളും അമ്മ​യുമാണ് വീട്ടിലുണ്ടായിരുന്നത്. കൃഷ്ണൻ വിളിച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിക്കൂടിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.

അതിനിടെ സമീപത്തെ മേലേപുറക്കാട്ട് വെള്ളായിക്കോട്ട് ചന്ദ്രന്റെ വീടിനോടു ചേർന്നുള്ള ക​ഴുങ്ങി​ലൂടെ അക്രമി ഇരുനില വീടിന്റെ മുകളിൽ കയറി. ഈസമയം വീട്ടിലുണ്ടായിരുന്നവർ ഉറക്കത്തിലായിരുന്നു. തുടർന്ന്​ ​തെക്കേപ്പുരക്കൽ അനിൽകുമാറിന്റെ വീട്ടിലെത്തി അക്രമി സൺഷെയിഡിൽ നടക്കുകയും ടോർച്ചടിക്കുകയും ചെയ്തു.

ചന്ദ്രന്റെ വീടിന് മുകളിൽ ഒരാൾ നിൽക്കുന്നത് കണ്ടതായി സമീപ വാസിയായ​ ​പൊന്നേംപറമ്പത്തു വിനായക് പറഞ്ഞു. കർചീഫ് കൊണ്ട് മുഖം മറച്ചിരുന്ന അക്രമി താൻ ലൈറ്റ് ഇടുകയും ശബ്‌ദമുണ്ടാക്കുകയും ചെയ്‌തപ്പോൾ ഇറങ്ങിയോടിയെന്നും വിനായക് പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി ഇളംകുന്ന് കൃഷ്ണൻ പറഞ്ഞു. അക്രമിസംഘത്തിൽ രണ്ടു പേരുണ്ടായിരുന്ന് അക്രമികൾ പറഞ്ഞു. മേഖലയിലെ അക്രമികളെ കണ്ടെത്തി പൊലീസിലേൽപ്പിക്കാനുള്ള ജാഗ്രതയിലാണ് നാട്ടുകാർ. സി.ആർ.എ, സഹൃദയ എന്നീ റസിഡന്റ്സ് അസോസിയേഷനുകളും അക്രമികൾക്കെതിരെ രംഗത്തുണ്ട്.