തിരൂർ : നിരോധനാജ്ഞ ലംഘിച്ച് പള്ളിയിൽ കൂട്ടപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ തിരൂർ ജില്ലാ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ.അലി അഷറഫിനെ ആരോഗ്യവകുപ്പ് ഡയരക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 27നായിരുന്നു സംഭവം. തുടർന്ന് തിരൂർ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യവകുപ്പിന്റെ പ്രാഥമികാന്വേഷണത്തെ തുടർന്നാണ് നടപടി. കൊവിഡ് - 19 വ്യാപനം തടയാൻ അതീവജാഗ്രത പുലർത്തുമ്പോൾ ആരോഗ്യവകുപ്പിലെ ഡോക്ടർ തന്നെ ഇതിനെതിരെ പ്രവർത്തിച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.