സുൽത്താൻ ബത്തേരി: കൊവിഡ് 19 ഭീഷണിയും ലോക്ഡൗണും മൂലം മുംബൈ അന്ധേരിയിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന മലയാളിക്ക് ബത്തേരിയിലെ വാട്സ് ആപ്പ് കൂട്ടായ്മ ടെലിമെഡിസിനിലൂടെ വൈദ്യസഹായം നൽകി. ജില്ലയിലെ ഡോക്ടർമാരുടെ പിന്തുണയോടെയാണ് ബത്തേരി കേന്ദ്രീകരിച്ച് സേവന സന്നദ്ധരായ യുവാക്കളുടെ കൂട്ടായ്മയായ ടീം മിഷൻ ബ്രേക്ക് ദ ചെയ്ൻ സന്ദേശവുമായി പ്രവർത്തിക്കുന്നത്. വീട്ടിലിരിക്കുന്ന ആളുകൾക്ക് ആവശ്യമായ വൈദ്യ സഹായം ഓൺലൈനായി നൽകാനും ഭക്ഷണം ആവശ്യമുള്ളവർക്ക് എത്തിച്ച് നൽകുകയുമാണ് ലക്ഷ്യം.

ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ചെറിയ അസുഖങ്ങൾക്ക് ആശുപത്രിയിലേക്ക് എത്താനാവാത്തവർക്ക് ഓൺലൈനിൽ വിദഗ്ധരായ ഡോക്ടർമാർ കൃത്യമായ ചികിൽസ നിർദ്ദേശങ്ങൾ നൽകുന്നു. മരുന്നിന്റെ കുറിപ്പടിയും വിലയിരുത്തലും ഓൺലൈനായി തന്നെ രോഗിയുടെ കയ്യിലെത്തും. ആവശ്യമുള്ളവർക്ക് മരുന്നും വീട്ടിലെത്തിച്ച് നൽകും.

മൂന്ന് പതിറ്റാണ്ട് മുമ്പ് ഗോത്രമേഖലയിൽ ടെലിമെഡിസിൻ നടപ്പിലാക്കി വിജയം കൈവരിച്ച ഡോക്ടർ ജിതേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പത്തോളം ഡോക്ടർമാരുടെ സംഘമാണ് രോഗികൾക്ക് ടെലിമെഡിസിനിലൂടെ സഹായം നൽകുന്നത്. ഡോക്ടർമാർ, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആംബുലൻസ് ഡ്രൈവർമാർ, മെഡിക്കൽഷോപ്പ് ഉടമകൾ തുടങ്ങിയവർ ഉൾകൊള്ളുന്നതാണ് കൂട്ടായ്മ.
കൂട്ടായ്മ രക്തദാന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇന്നലെ മുതൽ ഡിജിറ്റലൈസ്ഡ് ബ്ലഡ് ഡൊണേഷൻ നിലവിൽ വന്നു. രക്തം ആവശ്യമുള്ളവർക്കും, രക്തം നൽകാൻ തയ്യാറാവുന്നവർക്കും പേരുകൾ രജിസ്റ്റർ ചെയ്യാം. കൂട്ടായ്മയുടെ വെബ്‌സൈറ്റിൽ രക്തദാന സന്നദ്ധത അറിയിച്ച് ആരെങ്കിലും പേര് രജിസ്റ്റർ ചെയ്യുകയും അയാൾ രക്തം ദാനം ചെയ്യുകയും ചെയ്താൽ പിന്നീട് അടുത്ത മൂന്ന് മാസത്തേക്ക് ആ വ്യക്തിയുടെ പേര് സൈറ്റിൽ മറഞ്ഞിരിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
പട്ടണങ്ങളിൽ തുറന്നിരിക്കുന്ന കടകളുടെ വിവരവും ഫോൺ നമ്പറും ജില്ലയിലെ ആംബുലൻസിന്റെ വിവരം, ആശുപത്രികൾ, ഡോക്ടർമാരുടെ വിവരം എന്നിവയും പൊതുജനങ്ങൾക്ക് നൽകുന്നു.
കൂട്ടായ്മക്ക് പിന്തുണയുമായി പൂമല മൈ ഹോംഹോസ്‌പൈസ് സെന്റ്ർ,ജെസിഐ, എസ്എം ആംബുലൻസ് തുടങ്ങിയ സംഘടനകളും രംഗത്തുണ്ട്. പൊതുജനങ്ങൾക്ക് സേവനത്തിനായി www.letsbreak.in എന്ന വെബ്‌സൈറ്റിലൂടെ ബന്ധപ്പെടാവുന്നതാണ്.