കുന്ദമംഗലം: കുന്ദമംഗലം മുക്കം റോഡിലെ അപ്പാർട്ട്മെന്റിൽ കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളികൾ കുടിക്കുന്നത് മലിന ജലം. അപ്പാർട്ടുമെന്റിന് മുകളിൽ സ്ഥാപിച്ച പത്തോളം കുടിവെള്ള ടാങ്കുകൾ മലിനമാണെന്ന് കുന്ദമംഗലം പഞ്ചായത്ത് അധികൃതർ കണ്ടെത്തി. ഇവിടെ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് നൽകാനെത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ കുടിവെള്ള ടാങ്കുകൾ കണ്ടെത്തിയത്. കെട്ടിടങ്ങളിൽ നിന്നുള്ള മലിനജലം തുറസ്സായ പറമ്പിലേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും സ്ഥലത്ത് പരിശോധന നടത്തി. അടുക്കള മാലിന്യങ്ങൾ നിറഞ്ഞ മലിനജലം പൈപ്പിലൂടെ സമീപത്തെ പറമ്പിലേക്ക് ഒഴുക്കിവിടുകയായിരുന്നു. പത്തിലധികം കുടുംബങ്ങളാണ് ഈ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്നത്. പഞ്ചായത്തിലെ ചില വാർഡുകളിൽ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജിത്ത്, ഷിജിത, പഞ്ചായത്ത് ഉദ്യോഗസ്ഥൻ ലത്തീഫ്, വാർഡ് മെമ്പർ ബൈജു എന്നിവർ പങ്കെടുത്തു.