കോഴിക്കോട്: കൂടുതൽ ആശ്വാസമേകുന്ന ഒരു ദിവസം കൂടി. കൊവിഡ് - 19 വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരിൽ രണ്ടു പേർ കൂടി രോഗവിമുക്തരായി ഇന്നലെ ആശുപത്രി വിട്ടു. ജില്ലയിൽ ഇന്നലെ പുതിയ പോസിറ്റീവ് കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുമില്ല.
ഇപ്പോൾ ജില്ലയിൽ ആകെ 21,934 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 32 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ഇന്നലെ പുതുതായി 14 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടു പേരെ ഡിസ്ചാർജ്ജ് ചെയ്തിട്ടുമുണ്ട്.
നിലവിൽ കോഴിക്കോട്ടുകാരായ അഞ്ചു പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതര ജില്ലക്കാരായി മറ്റു രണ്ടു പേരും.
ഇന്നലെ 44 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 341 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 297 എണ്ണത്തിന്റെ ഫലം ലഭിച്ചിട്ടുണ്ട്. 287 എണ്ണം നെഗറ്റീവാണ്. 44 പേരുടെ പരിശോധാഫലം കൂടി ലഭിക്കാനുണ്ട്.
കൊവിഡ് - 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ യോഗത്തിൽ ജില്ലയിലെ നിയമസഭാ സാമാജികർക്കു പുറമെ ജില്ലാതല ദ്രുതകർമ്മ സേനാ അംഗങ്ങളും പങ്കെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ വിലയിരുത്തി.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈൻ മുഖേന 30 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. മാനസികസംഘർഷം ലഘൂകരിക്കുന്നതിന് 196 പേർ ഫോണിലൂടെയും സേവനം തേടി.