മുക്കം: തെരുവിൽ കഴിയുന്ന വൃദ്ധന് അപകീർത്തികരമായ ചിത്രം നൽകിയെന്ന നഗരസഭ ചെയർമാന്റെ പരാതിയിൽ മാദ്ധ്യമ ഫോട്ടോഗ്രാഫർക്കെതിരെ മുക്കം പൊലീസ് കേസെടുത്തു. വർഷങ്ങളായി തെരുവോരത്ത് അന്തിയുറങ്ങുന്ന വൃദ്ധനെ തെറ്റിദ്ധരിപ്പിച്ച് ഫോട്ടോയെടുത്ത് നൽകുകയായിരുന്നുവെന്നാണ് പരാതി. മാധ്യമം ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്കെതിരെയാണ് കേസ്.
വൃദ്ധനായ കുമാരന് സന്നദ്ധ പ്രവർത്തകരും മറ്റും ഭക്ഷണം നൽകാറുണ്ട്. ഇപ്പോൾ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് സ്ഥിരമായി ഭക്ഷണം ലഭിക്കുന്നുമുണ്ട്. വെളളം കുടിച്ച് ഇയാൾ വിശപ്പകറ്റുന്നു എന്ന തരത്തിൽ ഫോട്ടോ കൊടുത്തത് ആ വ്യക്തിയെ മാത്രമല്ല നഗരസഭയെയും നാടിനെയും അപമാനിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു.
ഫോട്ടോഗ്രാഫർക്കെതിരെ കേസെടുത്തതിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. പത്രസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഫാസിസ്റ്റ് നടപടിയാണിതെന്ന് യൂണിയൻ കുറ്റപ്പെടുത്തി. അതേസമയം, വസ്തുത ഗ്രഹിക്കാതെയാണ് യൂണിയൻ ഈ നിലപാടെടുത്തതെന്ന ആക്ഷേപമുണ്ട് പ്രാദേശിക പത്രപ്രവർത്തകർക്ക്.