പേരാമ്പ്ര : ഉദാരമനസ്കരുടെ കനിവിൽ തീർത്ത ചേനോളി റോഡിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന രാജസ്ഥാൻകാരി ഡയാന ലിസിയ്ക്ക് ലോക്ക് ഡൗൺ വേളയിൽ പൊലീസിന്റെ സഹായഹസ്തം. ഇവർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ പേരാമ്പ്ര പൊലീസ് ഇൻസ്‌പെക്ടർ കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ വീട്ടിലെത്തിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീജിത്ത്, ലിസ്‌ന, സി പി ഒ നിജീഷ്, ആർ ടി പി സി മാരായ രാഹുൽ, പ്രജീഷ് എന്നിവരാണ് ഭക്ഷ്യസാധനങ്ങളുമായെത്തിയത്.
വർഷങ്ങളായി തെരുവോരത്തെ അന്തിയുറങ്ങിവന്ന ഇവർ ഈയടുത്ത് പുതിയ വീട്ടിലേക്ക് താമസം മാറിയതായിരുന്നു. രാജസ്ഥാനിൽ നിന്ന് ബന്ധുക്കളുടെ തന്നെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രയിൽ എത്തിച്ചേർന്നതാണ്. കൈയിൽ കിട്ടുന്നതിൽ നിന്ന് മറ്റുള്ളവർക്ക് പങ്ക് വെക്കാൻ കൂടി മനസ്സ് കാണിക്കുകയും പേരാമ്പയിലെ സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്ന ഡയാനയെ കഴിഞ്ഞ വനിതാദിനത്തിൽ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ഒരുക്കിയ ചടങ്ങിൽ റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ് ആദരിച്ചിരുന്നു.