കോഴിക്കോട് : ലാളിത്യത്തിന്റെ സന്ദേശമേകി ജില്ലയിലെ ക്രൈസ്തവ സമൂഹം ഇന്നലെ ഓശാന ഞായർ ആചരിച്ചു. ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് ഇതോടെ തുടക്കമായി.

കൊവി‌ഡ് - 19 വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. പള്ളികളിൽ വിശ്വാസികളുടെ പങ്കാളിത്തമുണ്ടായില്ല. രാവിലെ 8.15 ന് കത്തീഡ്രൽ പള്ളിയിൽ കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. കത്തീഡ്രൽ വികാരി ഫാദർ വിൻസന്റ് പുളിക്കൽ, ഫാദർ റിജോയ് എന്നിവർ സഹകാർമ്മികരായിരുന്നു. വിശ്വാസികൾ തിരുകർമ്മങ്ങളുടെ തത്സമയ സപ്രേക്ഷണം യൂട്യൂബ് ചാനലിൽ കണ്ട് പ്രാർത്ഥന നടത്തി. മറ്റു പള്ളികളിലും വികാരിമാർ ശുശ്രൂഷകരുടെ മാത്രം പങ്കാളത്തത്തോടെയായിരുന്നു ഇന്നലെ കുർബാന.

താമരശേരി മേരിമാതാ കത്തീഡ്രലിൽ ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് താമരശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കാർമ്മികത്വം വഹിച്ചു. കൊവിഡ് - 19 വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികളാരും സംബന്ധിച്ചില്ല. പള്ളി അടച്ചിട്ട ശേഷം ബിഷപ്പും സാഹായിയും മാത്രമാണ് ബലിയർപ്പിച്ചത്.