 ഒരാൾക്ക് കൂടി രോഗവിമുക്തി

കോഴിക്കോട്: ജില്ലയിൽ ഇന്നലെ അഞ്ചു പേർക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചു. ഇവരിൽ നാല് പേർ ന്യൂഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. മറ്റൊരാൾ ദുബായിൽ നിന്നു നാട്ടിലെത്തി നിരീക്ഷണത്തിലായതായിരുന്നു.

അതിനിടെ, രോഗബാധിതരിൽ ഒരാൾ കൂടി പരിശോധനാഫലം നെഗറ്റീവായതോടെ ഇന്നലെ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന കോഴിക്കോട് സ്വദേശികൾ ഇപ്പോൾ ഒൻപതു പേരാണ്. കാസർകോട്, കണ്ണൂർ സ്വദേശികളായി രണ്ടു പേരുമുണ്ട്.

ഇന്നലെ വൈറസ് ബാധ സ്ഥീരീകരിച്ചത് ഇവർക്കാണ്: നിസാമുദ്ദീനിൽ നിന്ന് എത്തിയ 28 കാരനായ പന്നിയങ്കര സ്വദേശി, 20 വയസുള്ള പേരാമ്പ്ര സ്വദേശി, 53 കാരനായ കുറ്റ്യാടി സ്വദേശി, 63 വയസുള്ള കൊളത്തറ സ്വദേശി. അഞ്ചാമത്തെ വ്യക്തി 56 കാരനായ നാദാപുരം സ്വദേശിയാണ്.

പന്നിയങ്കര, പേരാമ്പ്ര, കുറ്റ്യാടി സ്വദേശികൾ മാർച്ച് 22 ന് നവയുഗ് എക്‌സ്പ്‌രസിൽ ഒരുമിച്ച് കോഴിക്കോട്ട് എത്തിയവരാണ്. കൊളത്തറ സ്വദേശി മാർച്ച് 15 ന് നിസാമുദ്ദീൻ - തിരുവനന്തപുരം എക്‌സ്‌പ്രസിലാണ് വന്നത്. മകന്റെ കാറിൽ വീട്ടിലേക്കു പോയി. നാലു പേരും കർശന നിരീക്ഷണത്തിലായിരുന്നതിനാൽ അധികമാളുകളുമായി സമ്പർക്കത്തിലായിട്ടില്ല. ഈ നാലു പേരെയും ഏപ്രിൽ മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാദാപുരം സ്വദേശി മാർച്ച് 21 ന് ദുബായിൽ നിന്ന് നെടുമ്പാശ്ശേരി വഴിയാണ് കോഴിക്കോട് എത്തിയത്. എയർപോർട്ടിൽ നിന്നു കാറിലായിരുന്നു യാത്ര. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ഏപ്രിൽ 2 ന് ആംബുലൻസിൽ നാദാപുരം ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് ഏപ്രിൽ നാലിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും കർശന നിരീക്ഷണത്തിലായിരുന്നതിനാൽ സമ്പർക്കപട്ടികയിലുള്ളവർ പരിമിതമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കും.