കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് എ.കെ.ജി.സി.ടി ആവശ്യപ്പെട്ടു. സ്ഥിരാദ്ധ്യാപക നിയമനത്തിന് 16 മണിക്കൂറും പിന്നീട് വരുന്ന മണിക്കൂറുകളിൽ താൽക്കാലിക നിയമനവുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. നിലവിലെ അദ്ധ്യാപകരെ ബാധിക്കില്ലെന്ന് പറയുമ്പോഴും 16 മണിക്കൂറിൽ താഴെ ജോലിഭാരം ഉള്ള തസ്തികകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർ വിരമിക്കുന്നതോടെ അത്തരം തസ്തിക ഇല്ലാതാകും. സംസ്ഥാനത്തെ പല കോളേജുകളിലും ഭാഷാ വിഷയങ്ങളിലും ഫിലോസഫി , ഹിസ്റ്ററി പോലുള്ള വിഷയങ്ങളിലും 14-12 മണിക്കൂറുകൾക്കിടയിൽ ജോലി ചെയ്യുന്നവരുണ്ട്. ഉത്തരവ് നടപ്പായാൽ പ്രസ്തുത തസ്തികകൾ ഉണ്ടാവില്ല. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ മന്ത്രി , ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് കത്ത് നൽകിയതായി സംസ്ഥാന പ്രസിഡന്റ് ഡോ.എം.സത്യൻ, ജനറൽ സെക്രട്ടറി ഡോ.എൻ.മനോജ് എന്നിവർ വ്യക്തമാക്കി.