കോഴിക്കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കരാർ - ദിവസ വേതനക്കാരെ പിരിച്ചുവിടരുതെന്ന കേന്ദ്രസർക്കാർ ഉത്തരവ് നിലനിൽക്കെ താത്കാലിക അദ്ധ്യാപകരെ സമഗ്ര ശിക്ഷ കേരളം പിരിച്ചുവിട്ട നടപടി വിവാദത്തിൽ. ഭിന്നശേഷിക്കാരെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് നിയമിച്ച 2438 റിസോഴ്‌സ് അദ്ധ്യാപകരെയാണ് മാർച്ച് 31ന് കരാർ കാലാവധി കഴിഞ്ഞുവെന്ന് കാണിച്ച് പിരിച്ചുവിട്ടത്.
പിരിച്ചുവിട്ടവരിലേറെയും 10 മുതൽ 20 വർഷത്തോളം കാരാർ വ്യവസ്ഥയിൽ ജോലി ചെയ്‌തവരാണ്. മുൻ വർഷങ്ങളിൽ ഏപ്രിൽ രണ്ടിന് നിയമനം നൽകി മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന തരത്തിലായിരുന്നു നിയമനം. കഴിഞ്ഞ വർഷം ജൂണിലാണ് നിയമനം നൽകിയത്. എം.എച്ച്.ആർ.ഡി 12 മാസത്തേക്കാണ് ഫണ്ട് വകയിരുത്തിയത്. എന്നാൽ പത്ത് മാസത്തോടെ കരാർ അവസാനിപ്പിച്ചു.
രണ്ടുമാസം കൂടി ശമ്പളം നൽകാൻ ഫണ്ടുള്ള സാഹചര്യത്തിൽ കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചെങ്കിലും സമഗ്ര ശിക്ഷ കേരളം തയ്യാറായില്ല. 2038 പേർ കരാർ വ്യവസ്ഥയിലും 450 ഓളം പേർ ദിവസ വേതനാടിസ്ഥാനത്തിലുമാണ് ജോലി ചെയ്യുന്നത്.